
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും പോലീസുകാർക്കും രണ്ട് വർഷമായി പ്രതിഫലമില്ല. പണമില്ലാത്തതിനാൽ പരിശീലകർ പലരും സ്കൂളുകളിലേക്ക് പോകാറില്ല. സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതി വഴിമുട്ടുമ്പോഴും രാഷ്ട്രീയ സമ്മർദ്ദം മൂലം 70 സ്കൂളുകളിൽ കൂടി സർക്കാർ എസ് പി സി അനുവദിച്ചു.
പ്രതിഫലം മുടങ്ങിയതോടെ പരിശീലനം നൽകിയിരുന്ന വിരമിച്ച പോലീസുകാര്‍ സേവനം അവസാനിപ്പിച്ചു. ഫണ്ട് നൽകാത്തതിനാൽ കയ്യിൽ നിന്ന് കാശിട്ട് എസ് പി സി നടത്തുന്ന അധ്യാപകർ, ക്യാമ്പിൽ പിരിച്ച് ഭക്ഷണം എത്തിക്കുന്ന കുട്ടികൾ അങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കിടെയാണ് കുട്ടിപ്പോലീസുകാരെ പരിശീലിപ്പിക്കുനന അധ്യാപകരും പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.
പരിശീലനത്തിനായി അധ്യാപകർക്ക് പ്രതിവർഷം 7,500 രൂപയാണ് നൽകാറുള്ളത്. വിരമിച്ച പോലീസുദ്യോഗസ്ഥരുടെ സേവനവും പ്രയോജനപ്പെടുത്താറുണ്ട്. രണ്ടു വർഷമായി അധ്യാപകർക്കും പോലിസുകാർക്കും പണവും നൽകുന്നില്ല. ഇതോടെ വിരമിച്ച പോലീസുകാർ പല സ്കൂളിലേക്കും വരുന്നില്ല. മൂന്നു ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമാണ് എയ്ഡഡ് സ്കൂളുകള്‍ക്ക് പദ്ധതി ലഭിക്കുകയുള്ളു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം കെട്ടിവച്ച് പദ്ധതി നേടിയിട്ടും കുട്ടികളുടെ ചെലവിന് മാനേജുമെന്റുകള്‍ക്ക് ഇപ്പോഴും പണം ചെലവാക്കേണ്ടിവരുന്നുവെന്നാണ് പരാതി. പണമില്ലാതെ വഴിമുട്ടിനിൽക്കുമ്പോഴും എസ് പിസിക്കായി പിടിവലിയും രാഷ്ട്രീയസമ്മർദ്ദവും തുടരുന്നു. 70 പുതിയ സ്കൂളുകളിൽ പുതുതായി പദ്ധതിക്ക് അനുമതി നൽകി.
ഒരു പഞ്ചായത്തിലെ തന്നെ നിരവധി സ്കൂളുകളിലും പദ്ധതിയുണ്ട്. ഉള്ളവ നടത്താൻ കാശ് കൊടുക്കാതെ എന്തിന് വീണ്ടും പദ്ധതി എന്ന ചോദ്യമാണ് ബാക്കി.