
ദില്ലി: സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദിക്ക് സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്‍സിബിഎ) യാത്രയയപ്പ് നൽകിയില്ല. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കടുത്ത അതൃപ്തി അറിയിച്ചു. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
കോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ പതിനൊന്നാമത്തെ വനിതാ ജഡ്ജിയായാണ് ബേല എം ത്രിവേദി സ്ഥാനമേറ്റെടുത്തത്. ജസ്റ്റിസ് ബേല ത്രിവേദിക്ക് അർഹമായ യാത്രയയപ്പ് നൽകാതിരുന്ന ബാർ അസോസിയേഷൻ നിലപാടിനെ പരസ്യമായി നിരാകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഗവായി പറഞ്ഞു.
ഇത്തരമൊരു അവസരത്തിൽ, അസോസിയേഷൻ ഈ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലും വൈസ് പ്രസിഡന്റ് രചന ശ്രീവാസ്തവയും നടപടികളിൽ പങ്കെടുത്തതിനെ ചീഫ് ജസ്റ്റിസ് ഗവായി അഭിനന്ദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“കപിൽ സിബലിനോടും രചന ശ്രീവാസ്തവയോടും നന്ദി പ്രകാശിപ്പിക്കുന്നു. അവർ രണ്ടു പേരും ഇവിടെയുണ്ട്. ബാർ അസോസിയേഷൻ മറിച്ചൊരു തീരുമാനം എടുത്തിട്ടും അവർ ഇവിടെയുണ്ട്.
നിറഞ്ഞ സാന്നിധ്യം അവർ വളരെ നല്ല ജഡ്ജിയാണെന്ന് തെളിയിക്കുന്നു. വ്യത്യസ്ത തരം ജഡ്ജിമാരുണ്ട്. പക്ഷേ അത് യാത്രയയപ്പ് നിഷേധിക്കുന്നതിനുള്ള കാരണകരുത്”-ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.