നിർണായക എൽഡിഎഫ് യോഗം അവസാനിച്ചു; വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; എഡിജിപി അജിത് കുമാറിനെതിരെ ഉടൻ നടപടിയില്ല; അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: നിർണായക എൽഡിഎഫ് യോഗം അവസാനിച്ചു. എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉടൻ നടപടിയില്ല. സിപിഐ, ആർജെഡി ഉൾപ്പെടെയുള്ള ഘടക കക്ഷികൾ എഡിജിപിക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

എഡിജിപിക്കെതിരായ അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തിൽ സ്വീകരിച്ചത്. യോഗത്തിൽ എഡിജിപി വിഷയം അജണ്ടയിൽ ഇല്ലെങ്കിലും ആർജെഡി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. പിന്നാലെ മറ്റു കക്ഷികളും സമാന ആവശ്യം ഉന്നയിച്ചു.

എന്നാൽ, മുഖ്യമന്ത്രി അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാടിൽ ഉറച്ചുനിന്നു. വിവാദങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെയാണ് തിരുവനന്തപുരം എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗം ചേർന്നത്. യോഗത്തിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിന് തൊട്ടുമുമ്പ് പരസ്യമായി നിലപാട് പറഞ്ഞ് ഘടകകക്ഷികൾ രംഗത്തെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. എഡിജിപിയെ മാറ്റണമെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് വ്യക്തമാക്കി. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂട്ടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്നാണ് എൻസിപി നേതാവ് പി സി ചാക്കോ പ്രതികരിച്ചത്.

എന്നാൽ, എഡിജിപിമാരെ മാറ്റുമ്പോൾ നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നായിരുന്നു ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. മുമ്പ് നടപടി ക്രമം പാലിക്കാത്തതിനാൽ സെൻകുമാർ കേസിൽ സർക്കാറിനു തിരിച്ചടിയുണ്ടായതായും ആന്റണി രാജു ചൂണ്ടിക്കാട്ടി. ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനറായശേഷം നടക്കുന്ന ആദ്യ യോഗമാണ് എകെജി സെന്ററില്‍ ചേർന്നത്.