
‘അവർ ഇട്ടാൽ ബർമുഡയും, ഞങ്ങൾ ഇട്ടാൽ വള്ളി നിക്കറും’; കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി
ദില്ലി: കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ എം പി. ഭിന്ന രാഷ്ട്രീയക്കാർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. “അവർ ഇട്ടാൽ ബർമുഡയും, ഞങ്ങൾ ഇട്ടാൽ വള്ളിനിക്കറും” എന്നതാണ് ഇതിന്റെ നാടൻ പ്രയോഗമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റ് ചില എംപിമാർക്കൊപ്പം എൻ.കെ പ്രേമചന്ദ്രൻ എംപി പാർലമെന്റ് ക്യാന്റീനിൽ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ ഇടത് നേതാക്കൾ ഉയർത്തിയ രൂക്ഷ വിമർശനം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച തന്നെ അപമാനിച്ചവരാണ് സിപിഎം നേതാക്കളെന്നും അന്ന് പല രീതിയിൽ തന്നെ തേജോവധം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് പ്രചാരണ വിഷയമാക്കി. അതുണ്ടാക്കിയ മാനസിക ആഘാതം ചെറുതായിരുന്നില്ല. രാഷ്ട്രീയ സ്വത്വം തന്നെ ചോദ്യം ചെയ്തു. മുന്നണിയിലും പാർട്ടിയിലുമുള്ളവർ പോലും തന്നെ സംശയിച്ചു. താൻ ബിജെപിയിലേക്ക് പോകുമോ എന്ന സംശയം ഉണ്ടാക്കി. അത് മാറ്റിയെടുക്കാൻ താൻ പെട്ട പാട് വിവരിക്കാനാവില്ലെന്നും” പ്രേമചന്ദ്രൻ പറഞ്ഞു. അതേ ആളുകൾ ഇപ്പോൾ ഭിന്ന രാഷ്ട്രീയക്കാർ പരസ്പരം കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അഴിമതിയിൽ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുമ്പോൾ ധനമന്ത്രിയെ ക്ഷണിച്ച് മുഖ്യമന്ത്രി അവരുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ചർച്ചാവിഷയം വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കൂടിക്കാഴ്ച അനൗപചാരികമെന്ന് സർക്കാർ പറയുമ്പോൾ വ്യക്തിപരമെന്ന് തന്നെയാണ് അർത്ഥമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.