ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല; സി ഐ നവാസും ഡിസിപി സുരേഷും കൈകോർത്ത് പിടിച്ച് കമ്മീഷണർ ഓഫീസിലെത്തി,ഇരുവരും ഇന്ന്തന്നെ മട്ടാഞ്ചേരിയിൽ ചുമതലയേൽക്കും
സ്വന്തം ലേഖകൻ
കൊച്ചി: മേലുദ്യോഗസ്ഥൻ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ മുൻ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസ് ഇന്ന് മട്ടാഞ്ചേരി സി.ഐയായി ചുമതലയേൽക്കും. സംഭവത്തിൽ ആരോപണ വിധേയനായ പി.എസ്.സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ഇന്ന് തന്നെ ചുമതലയേൽക്കും. ഇരുവരും കമ്മിഷണർ ഓഫീസിലെത്തി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി. താനും നവാസും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും സുരേഷ് പറഞ്ഞു. കമ്മിഷണറുടെ ഓഫീസിൽ നിന്നും പരസ്പരം കൈകോർത്ത് കൊണ്ടാണ് ഇരുവരും പുറത്തിറങ്ങിയത്. ഇരുവർക്കും ഒരുമിച്ച് ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ വീണ്ടും സ്ഥലംമാറ്റം നൽകാമെന്ന് സാഖറെ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ സാഖറെ ഇരുവരെയും മട്ടാഞ്ചേരിയിൽ തന്നെ നിയമിക്കുകയായിരുന്നു. തിരോധനം സംബന്ധിച്ച് ഡി.സി.പി ജി.പൂങ്കുഴലി നടത്തുന്ന അന്വേഷണം കൂടി പരിഗണിച്ച ശേഷമാണ് തീരുമാനം.അസി.പൊലീസ് കമ്മിഷണർ പി.എസ് സുരേഷുമായി വയർലെസ് സെറ്റിലൂടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതലാണ് നവാസിനെ കാണാതായത്. തമിഴ്നാട്ടിലെ കരൂരിൽ നവാസിനെ കണ്ടെത്തി ശനിയാഴ്ച തിരിച്ചെത്തിച്ചു. മനഃസമാധാനം തേടിയാണ് താൻ നാട്ടിൽ നിന്ന് മാറിനിന്നതെന്നാണ് തിരിച്ചെത്തിയ ശേഷം നവാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഏകാന്തത ആവശ്യമാണെന്ന് തോന്നിയതിനാലാണ് മാറി നിന്നത്. എന്റെ ആത്മാവിന് കുറച്ച് ഭക്ഷണം വേണമായിരുന്നു. മദ്യത്തിലും മയക്കുമരുന്നിലും ആശ്രയം കണ്ടെത്താനാകില്ല. വീട്ടിൽ നിന്നിറങ്ങി അൽപസമയം കഴിഞ്ഞപ്പോൾ തന്നെ സ്വയം ഇല്ലാതാവില്ലെന്ന തീരുമാനം എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.