video
play-sharp-fill

‘ഞങ്ങൾ നിപയോടു പോരാടി വിജയിച്ചവർ’ വാട്‌സാപ്പും ഫേസ്ബുക്കും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’

‘ഞങ്ങൾ നിപയോടു പോരാടി വിജയിച്ചവർ’ വാട്‌സാപ്പും ഫേസ്ബുക്കും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’

Spread the love

സ്വന്തംലേഖകൻ

 

കേരളത്തിൽ നിപ ബാധിച്ച് ഒരു വർഷം പിന്നിട്ടതിനു തൊട്ടു പിന്നാലെയാണ് വീണ്ടും നിപ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കോഴിക്കോട് പേരാമ്പ്രയിൽ 18 പേരുടെ ജീവൻ നിപ അപഹരിക്കുകയും ചെയ്തു. ഇതിനു ശേഷം രോഗബാധ പൂർണമായി നിർമാർജനം ചെയ്‌തെങ്കിലും എറണാകുളം വടക്കൻ പറവൂർ സ്വദേശിക്ക് നിപ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അഞ്ചു പേർ ഐസലേഷൻ വാർഡിലും 300-ഓളം പേർ നിരീക്ഷണത്തിലുമാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ സമയോചിത ഇടപെടൽ മൂലം ഇതുവരെ ജീവനഷ്ടം ഉണ്ടായിട്ടില്ല. ആശുപത്രിയിൽ ഉള്ളവർ സുഖം പ്രാപിച്ചു വരുന്നതായും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആവർത്തിച്ചു പറയുന്നുമുണ്ട്. ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത് എന്ന പ്രചാരണവും ശക്തമാണ്. ഇതേ കാര്യം ആവർത്തിക്കുന്ന മറ്റു രണ്ടു പേരുണ്ട്, കഴിഞ്ഞ മെയിൽ കോഴിക്കോട് നിപ ബാധിച്ചവരിൽ രോഗത്തെ അതിജീവിച്ച അജന്യയും ഉബീഷും.’പേടിയല്ല ജാഗ്രതയാണ് ആവശ്യം’, ഇരുവരും ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു.കോഴിക്കോട് ഗവൺമെൻറ് സ്‌കൂൾ ഓഫ് നേഴ്‌സിങ് അവസാനവർഷം നഴ്‌സിംഗ് വിദ്യാർഥിനിയായ അജന്യ(20) കഴിഞ്ഞ മെയ് 18-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.”ആദ്യം പനിയും തലവേദനയും ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഛർദ്ദിയും അനുഭവപ്പെട്ടു. അതിനുശേഷമാണ് തലയ്ക്കു പിന്നിൽ വേദന ഉണ്ടാവുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ബോധം മറഞ്ഞു. മെഡിക്കൽ കോളേജ് ഐസിയുവിലെ ഐസൊലേഷൻ വാർഡിൽ ദിവസങ്ങളോളം ചെലവഴിച്ചു. ജൂൺ പതിനൊന്നിന് ഡിസ്ചാർജ് ചെയ്തതിനുശേഷമാണ് എനിക്ക് നിപ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞത്. വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കുടുംബത്തിന് നൽകിയ ആത്മവിശ്വാസവും ധൈര്യവും ചെറുതായിരുന്നില്ല. അച്ഛൻ, അമ്മ, അനിയൻ, മറ്റു ബന്ധുക്കൾ തുടങ്ങിയവരൊക്കെ ഐസിയുവിന് പുറത്ത് മാറിമാറി ഉണ്ടായിരുന്നു. അവർക്കാവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ കൊടുക്കുകയല്ലാതെ ഭീതി പടർത്തുന്ന ഒരു വാർത്തയും അവരിലേക്ക് എത്താതെ ആരോഗ്യപ്രവർത്തകർ ശ്രദ്ധിച്ചിരുന്നുവെന്ന് വീട്ടുകാർ ഇടക്കിടയ്ക്ക് പറയാറുണ്ട്. അന്ന് അപ്രതീക്ഷിതമായാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു സാഹചര്യം ആയിട്ടുകൂടി മെഡിക്കൽ രംഗം ഇതിനെ അതിനെ നേരിട്ടു. ഇന്നിപ്പോൾ അന്നത്തെ അനുഭവപരിചയത്തിൽ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വൈദ്യരംഗം പൂർണ്ണ സജ്ജമാണ്.അതേസമയം മരുന്ന് മാഫിയ ഉണ്ടാക്കിയതാണ് നിപ ബാധ എന്ന മട്ടിലുള്ള വാർത്തകൾ ആ അസുഖം ബാധിച്ച് പോരാടി തിരിച്ചു വന്ന എന്നെപ്പോലെയുള്ളവരുടെ മുഖത്തു നോക്കി പറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? ഗൂഢാലോചന സിദ്ധാന്തക്കാർ പറയുന്നതുപോലെ ഒരു ദിവസം മരുന്ന് മാഫിയ യോഗം കൂടി കേരളത്തിലെ സെയിൽസ് പോരാ, ഈ ആഴ്ച നിപ തട്ടിപ്പ് ഓടിക്കോട്ട എന്ന് തീരുമാനിച്ച് ഉണ്ടാക്കിയതാണെന്ന് പറയുന്നവരോട്, പോയി പണി നോക്കാൻ പറഞ്ഞിട്ട് ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയാണ് വേണ്ടത്. രോഗം ഈ സീസണിലും വന്നത് ആരുടെയൊക്കെയോ വീഴ്ച കൊണ്ടാണെന്ന് പറയുന്നവരുണ്ട്. എന്നാൽ അതല്ല യാഥാർത്ഥ്യം. രോഗത്തെ നേരിടാൻ ഞാൻ, നമ്മൾ സുസജ്ജം ആണല്ലോ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്. ചികിത്സ തേടാൻ മടിക്കാതിരിക്കുക. രോഗം നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം കൈവെടിയാതെ ഇരിക്കുക. രോഗിയുമായി അടുത്തിടപഴകിയതു കൊണ്ട് നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ആണെങ്കിൽ പോലും പരിഭ്രാന്തരാകാതിരുന്നാൽ നമുക്ക് ഇത് അതിജീവിക്കാൻ മാർഗങ്ങൾ കണ്ടെത്താൻ കഴിയും. ഒരു നഴ്‌സിങ് വിദ്യാർഥിനി എന്ന നിലയിൽ അത്രമേൽ ആരാധനയോടെയാണ് ലിനി സിസ്റ്ററെ പോലെയുള്ളവരെ കാണുന്നത്. അത്രയ്ക്ക് ആത്മാർത്ഥതയോടെയാണ് ഓരോരുത്തരും പ്രവർത്തിക്കുന്നത്. ഈ ആത്മാർത്ഥത ഫലം കാണാതിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയൊരു ജീവൻ പോലും നിപ ബാധിച്ച് പൊലിഞ്ഞു പോവില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം”, അജന്യ പറയുന്നു.