
തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ സാദ്ധ്യത സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്നതിനെക്കുറിച്ച് ബിജെപിയില്‍ ധാരണയായതായി റിപ്പോർട്ട്.
കായംകുളത്ത് ശോഭ സുരേന്ദ്രൻ, വി മുരളീധരനെ ആറ്റിങ്ങലിലും കെ സുരേന്ദ്രനെ കഴക്കൂട്ടത്തും മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. സംസ്ഥാനത്ത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ മുതിർന്ന നേതാക്കളെ മുൻനിർത്തി മുതലെടുക്കാനാണ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ച നിയമസഭ മണ്ഡലങ്ങളില്‍ പ്രവർത്തനങ്ങള്‍ ശക്തമാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളില്‍ ഒന്നാമതും 9 മണ്ഡലങ്ങളില്‍ രണ്ടാമതുമായിരുന്നു ബിജെപി. ഇത്തവണ എല്ലാ സ്ഥാനാർത്ഥികളെയും നേരത്തെ കണ്ടെത്തി മണ്ഡലത്തില്‍ സജീവമാക്കാൻ നേതൃത്വത്തിന് പദ്ധതിയുണ്ട്. തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ബിജെപി കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. തിരുവനന്തപുരത്ത് പാറശാലയില്‍ മാത്രമാണ് മൂന്നാം സ്ഥാനത്തെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ഡിഎഫിന്റെ മണ്ഡലങ്ങളായ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, മണലൂർ എന്നീ നിയമസഭ മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, വർക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളില്‍ രണ്ടാമതെത്തി. മലമ്പുഴ, ഗുരുവായൂർ, അമ്പലപ്പുഴ, കരുനാഗപ്പള്ളി, റാന്നി, കോന്നി, ചാത്തന്നൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, പാറശാല എന്നിവിടങ്ങളില്‍ ചെറിയ വോട്ടിന്റെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുമെത്തി.
അടുത്ത തിരഞ്ഞെടുപ്പില്‍ മുനമ്പം വിഷയവും പ്രധാന ആയുധമാക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. ഈ വിഷയത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഷോണ്‍ ജോർജിനെ വൈപ്പിനില്‍ മത്സരിപ്പിക്കുന്നത് പാർട്ടിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ പൂഞ്ഞാറില്‍ മത്സരിക്കാനുള്ള ആഗ്രഹമാണ് ഷോണ്‍ പ്രകടിപ്പിച്ചത്. തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസ് വിട്ടെത്തിയ വിക്ടർ ടി. തോമസിന്റെയും അമ്പലപ്പുഴയില്‍ അനൂപ് ആന്റണിയുടെയും പേരുകളാണ് പരിഗണനയിലുള്ളത്.