video
play-sharp-fill

നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ടാൽ കർണ്ണാടകയിൽ ബിജെപി മന്ത്രിയാവാം..! നിയമസഭാ നടപടികൾക്കിടെ അശ്ലീല വീഡിയോ കണ്ടതിന് പുറത്താക്കിയ രണ്ട് എംഎൽഎമാരും യദ്യൂരപ്പയുടെ മന്ത്രിസഭയിൽ; 17 മന്ത്രിമാരെ ഉൾപ്പെടുത്തി യദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു

നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ടാൽ കർണ്ണാടകയിൽ ബിജെപി മന്ത്രിയാവാം..! നിയമസഭാ നടപടികൾക്കിടെ അശ്ലീല വീഡിയോ കണ്ടതിന് പുറത്താക്കിയ രണ്ട് എംഎൽഎമാരും യദ്യൂരപ്പയുടെ മന്ത്രിസഭയിൽ; 17 മന്ത്രിമാരെ ഉൾപ്പെടുത്തി യദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു

Spread the love
സ്വന്തം ലേഖകൻ
ബെംഗലുരു: നിയമസഭാ നടപടികൾ പുരോഗമിക്കുന്നതിനിടെ സഭയിലെ സീറ്റിലിരുന്ന അശ്ലീല വീഡിയോ കണ്ടതിന് പുറത്താക്കപ്പെട്ട രണ്ട് എംഎൽഎമാരെ കൂടി ഉൾപ്പെടുത്തി കർണ്ണാടകയിൽ യദ്യൂരിയപ്പ സർക്കാർ മന്ത്രിസഭ വികസിപ്പിച്ചു. യെദ്യൂരപ്പ സർക്കാരിന്റെ ആദ്യമന്ത്രിസഭാവികസനത്തിൽ സത്യപ്രതിജ്ഞ ചെയ്ത 17 പേരിലാണ് ഇവരും ഉൾപ്പെടുത്തിയിരിക്കുന്നത്.  2012 ഫെബ്രുവരിയിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഫോണിൽ അശ്ലീല വീഡിയോ ക്ലിപ്പ് കണ്ട ലക്ഷ്മൺസാവദിയും സി.സി. പാട്ടീലുമാണ് യദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടിയത്.
2012ൽ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മൺ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സി.സി.പാട്ടീൽ. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇവർ തിരികെ മന്ത്രിസഭയിൽ എത്തുന്നത്. വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മൺ സാവദിയുടെ പ്രതികരണം. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാർട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നും നിശാപാർട്ടികളിൽ നടക്കുന്നതെന്താണെന്ന് അറിയുകയുമായിരുന്നു തന്റെ ഉദ്ദേശമെന്നുമായിരുന്നു ലക്ഷ്മൺ സാവദി അന്ന് നൽകിയ വിശദീകരണം.
ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മൺ. ലിംഗായത്ത് സമുദായത്തിന് ഭൂരിപക്ഷം നൽകുന്നതാണ് പുതിയ മന്ത്രിസഭ. പതിനേഴ് മന്ത്രിമാരിൽ 7 പേരും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ്.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ.അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രൻ എച്ച്. നാഗേഷ്, ജി.എം കരജോൾ, ഡോ. അശ്വത് നാരായൺ സി.എൻ, എൽ.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീൽ, പ്രഭു ചൗഹാൻ, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.
സഖ്യ സർക്കാരിനെ മറിച്ചിട്ട ശേഷം മുൻ മുഖ്യമന്ത്രിയും ബി.ജെ.പി.നേതാവുമായ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. എന്നാൽ
മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മന്ത്രിമാർ അധികാരമേറ്റത്. മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാൻ കാരണം. ശനിയാഴ്ച വൈകുന്നേരത്തോടെ യെദിയൂരപ്പയുമായി നടന്ന ചർച്ചക്കൊടുവിൽ ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ മന്ത്രിപ്പട്ടികക്ക് അംഗീകാരം നൽകുകയായിരുന്നു.
കനത്ത മഴയും പ്രളയവും ഉണ്ടായ സമയത്ത് പോലും മുഖ്യമന്ത്രി മാത്രമുള്ള അവസ്ഥയായിരുന്നു കർണ്ണാടകയിൽ. ഇതേ തുടർന്ന് ഒട്ടനവധി ആരോപണങ്ങളാണ് ബി.ജെ.പി സർക്കാരിനെതിരെ ഇതര രാഷ്ട്രീയ കക്ഷികൾ ഉന്നയിച്ചത്. അതിനിടയിലാണ് സംസ്ഥാനത്തു മന്ത്രിമാരായി സത്യപ്രതിജ്ജ ചെയ്യുന്നവരുടെ പേരുകൾ അമിത്ഷാ ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ ഉന്നത നേതാക്കളുടെ അനുമതിയോടെ യെദ്യൂരപ്പ തയറാക്കിയത്.
ഡൽഹിയിൽ നിന്നും അംഗീകാരം കിട്ടിയെങ്കിലും പേരുവിവരങ്ങൾ പുറത്തു വിടാതിരിക്കുകയായിരുന്നു യെദ്യൂരപ്പ. ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറുകയായിരുന്നു. ഉടൻ തന്നെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. അതിനിടെ മന്ത്രി പദവി മോഹിച്ച ഒട്ടനവധി ബി.ജെ.പി എം.എൽ.എമാർ ഇപ്പോഴും കാത്തിരിപ്പാണ്. ഇതിനു പുറമെ ഓപ്പറേഷൻ താമരക്കു അവസരം ഒരുക്കി കൊടുത്ത കോൺഗ്രസ്, ജെ,ഡി.എസ് എം.എൽ.എമാരുടെ അയോഗ്യത സുപ്രീം കോടതി ഇല്ലാതാക്കിയാൽ അവർക്കു കൂടി അവസരം നൽകാനുള്ള തന്ത്രം കൂടി യെദ്യൂരപ്പ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. എം.എൽ.എമാർക്ക് മുൻ സ്പീക്കർ ഏർപ്പെടുത്തിയ അയോഗ്യത സുപ്രീം കോടതി നീക്കിയാൽ കർണാടകയിൽ വീണ്ടും മന്ത്രിസഭാ വികസനം നടക്കും.