ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ല് പാസാക്കി; രണ്ട് ഭേദഗതികള്‍ അംഗീകരിച്ചിട്ടും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; പ്രതിപക്ഷ നിലപാടിന് ചരിത്രം മാപ്പ് നല്‍കില്ലെന്ന് പി രാജീവ്; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
സ്വന്തം ലേഖിക
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി.
കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് ശേഷം സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷം വീണ്ടും മാറ്റം നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് ഇന്ന് സഭയില്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പ്രതിപക്ഷ നേതാവ് ഇന്ന് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചു. പക്ഷെ വിരമിച്ച ജഡ്ജി ചാന്‍സലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
സംസ്ഥാനത്തെ 14 സര്‍വകലാശാലകള്‍ക്കുമായി ഒരൊറ്റ ചാന്‍സലര്‍ മതിയെന്നായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജ് ചാന്‍സലറാകണം. ചാന്‍സലറെ നിയമിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതി വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കറെ ഉള്‍പ്പെടുത്തി സമിതിയാകാമെന്ന് നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇത് പ്രതിപക്ഷവും അംഗീകരിച്ചു.
എന്നാല്‍ വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യത്തിന്റെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി രാജീവ് ഈ ആവശ്യം തള്ളി. ധൈഷണിക നേതൃത്വമാണ് സര്‍വകലാശാലകള്‍ക്ക് വേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ദ്ധരാണ് ചാന്‍സലര്‍ സ്ഥാനത്തെത്തുകയെന്നും രാജീവ് പറഞ്ഞു.
ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. സഭ ബഹിഷ്കരിക്കരുതെന്ന് ആവശ്യപ്പെട്ട മന്ത്രി രാജീവ് പ്രതിപക്ഷ നിലപാടിന് ചരിത്രം മാപ്പ് നല്‍കില്ലെന്നും പറഞ്ഞു.