ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയിക്കാന്‍ കേരള സര്‍ക്കാർ;മദ്യപിച്ച് വാഹനം ഓടിച്ചാല്‍ വിട്ടുവീഴ്‌ചയില്ല
സ്വന്തം ലേഖിക
തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് വര്‍ദ്ധിപ്പിച്ച പിഴ ഈടാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍. വര്‍ദ്ധിപ്പിച്ച പിഴ തുക പകുതിയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതായിട്ടാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഹെല്‍മറ്റ് വയ്ക്കാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള വാഹനയാത്ര തുടങ്ങിയ നിസാര കുറ്റങ്ങള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച പിഴ തുക 1000 ൽ നിന്നും 500 ആക്കി കുറച്ചേക്കും. അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴതുക കുറയ്‌ക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയില്‍ നിന്ന് 3,000 ആക്കും.
ഉയര്‍ന്ന പിഴതുക സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയതോടെ കടുത്ത എതിര്‍പ്പാണ് പൊതുജനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ആദ്യത്തെ നാലു ദിവസങ്ങള്‍ കൊണ്ടുതന്നെ നാല്‍പ്പത്തിയാറ് ലക്ഷമാണ് സംസ്ഥാനത്ത് പിഴയൊടുക്കിയത്. കടുത്ത പിഴ ഈടാക്കുന്നതിനെതിരെ ഭരണകക്ഷിയായ സി.പി.എം നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ ജനരോഷം തണുപ്പിക്കാനെത്തിയത്. മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു വ്യക്തത വരുന്നതുവരെയാണ് ഉയര്‍ന്ന പിഴ ഒഴിവാക്കുന്നത്. അതുവരെ ഉയര്‍ന്ന പിഴത്തുക ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പിഴതുക പകുതിയായി വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളടങ്ങിയ ഉത്തരവ് അടുത്ത മന്ത്രിസഭായോഗത്തിനു ശേഷം പുറത്തുവിടും.
അതേസമയം ഉയര്‍ന്ന പിഴത്തുകയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ തുക വെട്ടിക്കുറയ്ക്കുന്നതിനെകുറിച്ചുള്ള തീരുമാനം അതാത് സംസ്ഥാനങ്ങള്‍ക്കെടുക്കാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ബീഹാര്‍, ഗോവ സര്‍ക്കാരുകളും ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group