
ഫഹദ്, നസ്രിയയെ വിവാഹം കഴിക്കാൻ കാരണം താനാണെന്ന് നിത്യാ മേനോൻ
സ്വന്തംലേഖകൻ
കോട്ടയം : ഫഹദ്, നസ്രിയയെ വിവാഹം കഴിക്കാൻ കാരണം താനാണെന്നാണ് നടി നിത്യാ മേനോൻ പറയുന്നത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിത്യ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗളൂർ ഡേയ്സ് എന്ന ചിത്രത്തിൽ നസ്രിയ ചെയ്ത നായിക വേഷത്തിലേക്ക് സംവിധായിക ആദ്യം ക്ഷണിച്ചത് തന്നെയാണെന്ന് നിത്യ പറഞ്ഞു. എന്നാൽ ആ സമയത്ത് മറ്റൊരു സിനിമയിലേക്ക് കരാർ ആയതിനാൽ ക്ഷണം സ്വീകരിക്കാൻ സാധിച്ചില്ല. പക്ഷെ നാലു ദിവസത്തെ ഡേറ്റ് മാത്രം ആവശ്യമുള്ള മറ്റൊരു കഥാപാത്രം സ്വീകരിക്കാമോയെന്ന് സംവിധായക ചോദിച്ചപ്പോൾ ആ വേഷം സ്വീകരിച്ചുവെന്നും നിത്യ പറഞ്ഞു.
നിത്യയ്ക്ക് അഭിനയിക്കാൻ സാധിക്കാതെ പോയ ആ വേഷത്തിലേക്ക്, ഫഹദിന്റെ നായികയായി നസ്രിയ എത്തുകയായിരുന്നു. ബാംഗളൂർ ഡേയ്സിന്റെ ചിത്രീകരണത്തിനിടെയാണ് ഫഹദും നസ്രിയയും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. വിവാഹത്തിന് തന്നോട് കടപ്പാടു വേണമെന്ന് ഇരുവരോടും എപ്പോഴും പറയാറുണ്ടെന്നും നിത്യ പറഞ്ഞു.