നിസാന്റെ കിക്ക്‌സ് എത്തുന്നു

നിസാന്റെ കിക്ക്‌സ് എത്തുന്നു

സ്വന്തം ലേഖകൻ

കൊച്ചി: നിസാന്റെ പുതിയ കിക്ക്സ് എസ്‌യുവി ഇന്നു ഇന്ത്യയിൽ അവതരിപ്പിക്കും. റെനൊയുടെ എംഒ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കുന്നത്. കഴിഞ്ഞ വർഷം ബ്രസീലിൽ ആഗോളതലത്തിൽ ആദ്യമായി അവതരിപ്പിച്ച കിക്ക്‌സ് രൂപത്തിൽ വലിയ മാറ്റങ്ങളില്ലാതെ ഇങ്ങോട്ടെത്താനാണ് സാധ്യത. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ. ഡസ്റ്റർ, ലോഡ്ജി മോഡലുകളിൽ ഉപയോഗിച്ച് വിജയിച്ച എം പ്ലാറ്റ്‌ഫോമിൽ നിന്ന് അൽപം പരിഷ്‌കാരങ്ങൾ വരുത്തിയതാണ് പുതിയ പ്ലാറ്റ്‌ഫോം. നിലവിൽ നിസാന്റെ ഐതിഹാസിക വി പ്ലാറ്റ്‌ഫോമിലാണ് വിവിധ രാജ്യങ്ങളിൽ കിക്ക്‌സ് നിരത്തിലുള്ളത്.

ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്‌സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പ് കഴിഞ്ഞ വർഷമാണു ബ്രസീൽ വിപണിയിലെത്തിയത്. 210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്‌സ്. തുടക്കത്തിൽ മെക്‌സിക്കോയിലും, ബ്രസിലിലുമാണ് കിക്‌സ് നിർമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തുള്ള കിക്ക്സിനെക്കാൾ വലിപ്പക്കാരനായിരിക്കും ഇന്ത്യൻ കിക്ക്സ്. നീളവും വീതിയും ഉയരവും വീൽബേസും അൽപം കൂടും. ഗ്ലോബൽ സ്പെക്ക് എൻജിനും ഇന്ത്യൻ കിക്ക്സിലുണ്ടാകില്ല. ടെറാനോ, ഡസ്റ്റർ, കാപ്ച്ചർ എന്നിവയിൽ നൽകിയ അതേ എൻജിൻ കിക്ക്സിലും ഉൾപ്പെടുത്താനാണ് സാധ്യത. 1.5 ലിറ്റർ ഡീസൽ എൻജിൻ 104 ബിഎച്ച്പി പവറും 142 എൻഎം ടോർക്കുമേകും. 1.5 ലിറ്റർ ഡീസൽ എൻജിൻ 108 ബിഎച്ച്പി പവറും 240 എൻഎം ടോർക്കുമാണ് നൽകുക. പെട്രോൾ പതിപ്പിലെ മാന്വൽ ഗിയർബോക്സ് അഞ്ചു സ്പീഡാണ്. ഡീസൽ പതിപ്പിൽ ആറു സ്പീഡായിരിക്കും. ഇതിനൊപ്പം ഓട്ടോമാറ്റിക് വേരിയന്റും ഇങ്ങോട്ടെത്തും. ഒക്ടോബർ 18ന് അവതരിപ്പിക്കുമെങ്കിലും വാഹനം വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷം ജനുവരിയോടെ മാത്രമേ വിപണിയിലെത്തു. 10 മുതൽ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.