
പാലാ: എ.എസ്.ഐ നിസാ ജോഷി ഇതുവരെ ആറുസിനിമകള്‍ അഭിനയിച്ചു. ജീവിതത്തിലെന്നപോലെ നാല് സിനിമയിലും പൊലീസ് വേഷത്തില്‍. അപൂർവ നേട്ടിലാണ് കാക്കിക്കുള്ളിലെ ഈ കലാകാരി. സിനിമയില്‍ മാത്രമല്ല ഔദ്യോഗിക ജീവിതത്തിലും നന്മനിറഞ്ഞ ഒട്ടേറെ നേട്ടങ്ങള്‍ നിസയുടെ കരിയറിലുണ്ട്.
ഇതിനോടകം 15ഓളം ഗുഡ് സർവീസ് എൻട്രികള്‍ ഈ 47കാരിയെ തേടിയെത്തി. പാലാ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന നിസ ഒട്ടേറെ അവാർഡുകള്‍ കരസ്ഥമാക്കിയ ”അവസ്ഥാന്തരങ്ങള്‍” എന്ന സിനിമയിലൂടെയാണ് അഭ്രപാളികളിലേക്കെത്തുന്നത്.
അതിലെ അമ്മ വേഷത്തിന് പുരസ്‌കാരം ലഭിച്ചു. പിന്നീട് കൊള്ള, അമീറ, ചോലവിസ്‌കി, ആസാദി, ഹെവൻ എന്നീ സിനിമകളിലും അഭിനയിച്ചു. ഇതില്‍ ചോലവിസ്‌കിയും ആസാദിയും റിലീസ് ചെയ്യാനുണ്ട്. രണ്ടിലും എസ്.ഐ വേഷമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊള്ളയില്‍ പൊലീസുകാരിയായിരുന്നു. പ്രശസ്ത ബാലതാരം മീനാക്ഷി അഭിനയിച്ച അമീറയിലും നിസയ്ക്ക് എസ്.ഐ വേഷമായിരുന്നു. ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും വേഷമിട്ടു. വിവിധ കേസന്വേഷണങ്ങളില്‍ മികവ് തെളിയിച്ചു.
കാരുണ്യപ്രവർത്തികളിലും ശ്രദ്ധേയയാണ്. ഇപ്പോള്‍ ഏറ്റുമാനൂർ നിരപ്പേല്‍ വീട്ടിലാണ് താമസം. ഭർത്താവ് ജോഷി നാല് വർഷം മുമ്പ് അപകടത്തില്‍ ഓർമ്മയായി. മകള്‍ അനഘ നഴ്‌സാണ്. മകൻ ആദം ഹോട്ടല്‍ മാനേജുമെന്റ് വിദ്യാർത്ഥിയാണ്.
നിസാ ജോഷിക്ക് പാലാ മഹാത്മാഗാന്ധി ഹയർസെക്കണ്ടറി സ്‌കൂളില്‍ ഇന്നലെ സ്വീകരണം നല്‍കി. നിസാ ജോഷിയെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ. ശ്രീകലയും പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും മുനിസിപ്പല്‍ കൗണ്‍സിലർ ബിജി ജോജോയും ചേർന്ന് പൊന്നാട അണിയിച്ചാദരിച്ചു.