വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയ നടി വിജയ നിർമല നിര്യാതയായി

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയ നടി വിജയ നിർമല നിര്യാതയായി

സ്വന്തം ലേഖിക

ഹൈദരാബാദ്: തെന്നിന്ത്യയുടെ എക്കാലത്തേയും പ്രിയപ്പെട്ട നായിക വിജയനിർമല അന്തരിച്ചു. ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 75 വയസായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയെഴുതി, എ. വിൻസെന്റ് സംവിധാനം ചെയ്ത ‘ഭാർഗവീനിലയം എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വിജയ നിർമല.44 ചിത്രങ്ങൾ അവർ സംവിധാനം ചെയ്തിട്ടുമുണ്ട്. റോസി, കല്യാണ രാത്രിയിൽ, പോസ്റ്റുമാനെ കാണാനില്ല, നിശാഗന്ധി, കവിത, ദുർഗ,പൊന്നാപുരം കോട്ട എന്നിങ്ങനെ 29 മലയാള ചിത്രങ്ങളിലും വിജയ നിർമല അഭിനയിച്ചിട്ടുണ്ട്.വിജയ നിർമലയ്ക്ക് നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. വിജയ നിർമലയുടെ മരണത്തിൽ താൻ അതീവ ദുഖിതനാണെന്ന് നടൻ ജൂനിയർ എൻ.ടി.ആർ ട്വീറ്റ് ചെയ്തു.ചിത്രത്തിൽ ‘ഭാർഗവി’ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് വിജയ നിർമല അവതരിപ്പിച്ചത്. തന്റെ സിനിമാ ജീവിതത്തിനിടയ്ക്ക് ആകെമൊത്തം 200 ചിത്രങ്ങളിൽ വിജയ നിർമല അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ കൃഷ്ണ ഘട്ടമാനെനിയാണ് ഭർത്താവ്. നരേഷ് ബാബു മകനാണ്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ രണ്ടാനമ്മ കൂടിയായിരുന്നു വിജയ നിർമല.ബാലതാരമായാണ് വിജയ നിർമല സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലും വിജയ നിർമല തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത സ്ത്രീ സംവിധായിക എന്ന നിലയിൽ വിജയ നിർമലയുടെ പേരിൽ ഗിന്നസ് റെക്കോർഡ് നിലവിലുണ്ട്.ഇതുകൂടാതെ നടൻ ശിവാജി ഗണേശൻ നായകനായ ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടേ രണ്ട് വനിതകളിൽ ഒരാൾ കൂടിയാണ് വിജയ നിർമല. നടിയും സംവിധായികയുമായ സാവിത്രിയാണ് ഇതിൽ മറ്റൊരാൾ. സ്വന്തം ബാനറിൽ വിജയ നിർമല ചിത്രങ്ങൾ നിർമിക്കുക കൂടി ചെയ്തിരുന്നു.