
ജിഎസ്ടി പരിഷ്കാരങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഏകദേശം 2 ലക്ഷം കോടി രൂപ നികുതി ഇളവായി ജനങ്ങളുടെ കൈകളിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തമിഴ്നാട്ടിലെ മധുരയില്‍ വെച്ച് നടന്ന തമിഴ്നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
നികുതി ഇനത്തില്‍ സർക്കാരിന് ലഭിക്കേണ്ട ഈ തുക ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതിലൂടെ ആഭ്യന്തര ഉപഭോഗം വർധിക്കുമെന്നും അത് രാജ്യത്തിന്റെ സാമ്ബത്തിക വളർച്ചയ്ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ഇതിലൂടെ നികുതി ഇളവുകള്‍ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെ തിരികെ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ‘ജിഎസ്ടി 2.0’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പരിഷ്കാരങ്ങള്‍ വഴി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകള്‍ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മുൻപ് ഉയർന്ന നികുതി ചുമത്തിയിരുന്ന ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ നികുതി കുറച്ച് ഒരു നാടകം കളിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കും ധനമന്ത്രി മറുപടി നല്‍കി. അത്തരത്തിലൊരു രാഷ്ട്രീയ നാടകത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി, എൻഡിഎ സർക്കാരിനോ പ്രധാനമന്ത്രിക്കോ അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങൾ സുതാര്യമായ രീതിയിലാണ് എടുക്കപ്പെടുന്നതെന്നും, എല്ലാ സംസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇവ തയാറാക്കപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.