
നിർമല സീതാരാമൻ ശശി തരൂരിനെ സന്ദർശിച്ചു
സ്വന്തംലേഖകൻ
കോട്ടയം : കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ തിരുവനന്തപുരം മെഡി. കോളജിൽ ചികിത്സയിൽ കഴിയുന്ന ശശി തരൂരിനെ സന്ദർശിച്ചു. രാവിലെ ഒൻപതു മണിയോടെ മെഡിക്കൽ കോളേജിലെത്തിയ നിർമ്മലാ സീതാരാമൻ അഞ്ചു മിനുറ്റോളം ആശുപത്രിയിൽ ചിലവഴിച്ചു. ഇന്നലെ ഗാന്ധാരി അമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂർ ന്യൂറോ സർജറി ഐ.സി.യു വിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും വിശദ പരിശോധനയ്ക്കു ശേഷം തുടർ ചികിത്സ വേണമോയെന്നു തീരുമാനിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ തന്നെ വന്ന് സന്ദർശിച്ച നിർമല സീതാരാമന്റെ നടപടി തന്നെ സ്പർശിച്ചുവെന്നും മര്യാദ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവ്വമാണെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസിന്റെ കൊളുത്ത് ഇളകി വീണ് ശശി തരൂരിന് പരിക്ക് പറ്റിയത്. തലയിൽ ആറോളം തുന്നിക്കെട്ടുകളുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് പുളിമൂടിന് സമീപമുള്ള ഗാന്ധാരിയമ്മൻ കോവിലിലെ പഞ്ചസാര തുലാഭാരത്തിനിടെയാണ് അപകടം. ത്രാസിന്റെ ഹുക്ക് ഇളകി ശശി തരൂരിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ തലയിൽ ആറോളം തുന്നിക്കെട്ടുകൾ ഉണ്ട്. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ബന്ധുക്കളുടെ താൽപര്യപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശശി തരൂർ ഒരു ദിവസം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
