പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് കൊറോണവൈറസ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ
അമൃത്സർ: പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് കൊറോണവൈറസ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ അമൃത്സറിൽ വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് 62-കാരനായ നിർമൽ സിങ് മരിച്ചത്. സുവർണ്ണ ക്ഷേത്രത്തിലെ മുൻ ‘ഹുസൂരി രാഗി’ ആയിരുന്നു അദ്ദേഹം.
പഞ്ചാബിൽ ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ബുധനാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയതെന്ന് പഞ്ചാബ് ഡിസാസ്റ്റർ മാനേജ്മെന്റ് ചീഫ് സെക്രട്ടറി കെ.ബി.എസ്. സിദ്ധു വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിർമൽ സിങിനെ ശ്വാസ തടസ്സമടക്കമുള്ള രോഗങ്ങളെ തുടർന്ന് മാർച്ച് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഡൽഹിയിലും ചണ്ഡിഗഢിലുമായി ഇദ്ദേഹം മത സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നതായും അധികൃതർ പറഞ്ഞു. 2009-ലാണ് നിർമൽ സിങിന് പദ്മശ്രീ ലഭിച്ചത്.
കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം മാർച്ച് 19-ന് ചണ്ഡിഗഢിലെ ഒരു വീട്ടിൽ ‘കീർത്തന’വും നടത്തി. ഇയാളുടെ രണ്ട് പെൺമക്കൾ, മകൻ, ഭാര്യ, ഡ്രൈവർ, മറ്റു ആറു പേരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.