നിർഭയ കൊലക്കേസ് ; രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ജനുവരി പതിനാലിന് പരിഗണിക്കും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിർഭയ കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടരിൽ രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഈ മാസം പതിനാലിന് പരിഗണിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തിരുത്തൽ ഹർജി പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ എൻ.വി രമണ, അരുൺ മിശ്ര, ആർ.എഫ് നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് കുമാർ ശർമ, മുകേഷ് കുമാർ എന്നിവരാണ് തിരുത്തൽ ഹർജി നൽകിയിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനാലിന് ഉച്ചയ്ക്ക് 1.45ന് ചേംബറിൽ ആയിരിക്കും തിരുത്തൽ ഹർജി പരിഗണിക്കുക. ചൊവ്വാഴ്ചയാണ് ഇരുവരും തിരുത്തൽ ഹർജി നൽകിയത്.നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ട മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവർ തിരുത്തൽ ഹർജി നൽകിയിട്ടില്ല. നാലു പേർക്കും ഡൽഹി കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് 22ന് രാവിലെ ഏഴു മണിക്ക് ഇവരെ തൂക്കിലേറ്റും.
ആറു പേരാണ് നിർഭയ കൂട്ട ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഇതിൽ രാം സിങ് തിഹാർ ജയിലിൽ തൂങ്ങിമരിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത ഒരാളെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷിച്ചെങ്കിലും മൂന്നു വർഷത്തിനു ശേഷം മോചിപ്പിച്ചു.