കൊടുംകുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാൻ ആരാച്ചാരില്ലാതെ തീഹാർ ജയിൽ
സ്വന്തം ലേഖിക
ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ആസന്നമായിരിക്കുന്ന സാഹചര്യത്തിലും വധശിക്ഷ നടപ്പിലാക്കാൻ ആരാച്ചാർ ഇല്ലാത്തത് തിഹാർ ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണ് ജയിൽ അധികൃതരുടെ കണക്കുകൂട്ടൽ. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ തള്ളിയിരുന്നു.
ഇനി രാഷ്ട്രപതിക്കു ഹർജി നൽകുക എന്ന മാർഗം മാത്രമാണു മുന്നിലുള്ളത്. എന്നാൽ പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയ്യാറായത്. വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാർശ ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയ്ത കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ശക്തമായി വാദിച്ചിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ കോടതി വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി ‘ബ്ലാക്ക് വാറണ്ട്’ പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം. വധശിക്ഷ ഉടൻ നടപ്പിലാക്കേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി.
ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ആരാച്ചാർക്കായി പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പാർലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ സന്ദർഭത്തിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ആരാച്ചാരെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ തന്നെയാണ് ലിവർ വലിച്ച് വധശിക്ഷ നടപ്പാക്കിയത്. തിഹാർ ജയിലിൽ ആരാച്ചാർ പോസ്റ്റിൽ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂർവമായതിനാൽ കരാർ അടിസ്ഥാനത്തിൽ അവശ്യഘട്ടത്തിൽ ആളുകളെ നിയോഗിക്കുകയാണ് നിലവിലെ രീതി.
രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി. മറ്റ് നാല് പേർക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്.
ദയാഹർജി നൽകാൻ ഏഴു ദിവസം സമയം അനുവദിച്ചെങ്കിലും വിനയ് ശർമ്മ ഒഴികെയുള്ള പ്രതികൾ അതിനു തയാറായില്ല. ഇവർക്ക് കൂടുതൽ സമയം അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും. ദയാഹർജി നൽകിയിട്ടില്ലെങ്കിൽ വധശിക്ഷ വാറണ്ട് പുറപ്പെടുവിക്കാൻ ജയിൽ അധികൃതർക്ക് വിചാരണക്കോടതിയെ സമീപിക്കാം.
കത്തിച്ചും വെടിവെച്ചും ശ്വാസം മുട്ടിച്ചും: കുഞ്ഞുമക്കൾക്കും രക്ഷയില്ല
കർണാടകയിലെ കർബുർഗിയിലും ബിഹാറിലെ ബക്‌സറിലും പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കൽബുർഗിയിൽ ഒമ്പതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയ കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. യെല്ലപ്പാ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഏറെ സമയം കഴിഞ്ഞിട്ടും പെൺകുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ യെല്ലപ്പയ്ക്കൊപ്പം കണ്ടതായി വിവരം ലഭിച്ചത്. കുട്ടി തിങ്കളാഴ്ച സ്‌കൂളിൽ എത്തിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ആദ്യം യെല്ലപ്പ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് പൊലീസിന് കൈമാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ചോക്ലേറ്റ് നൽകി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയുമായിരുന്നു.
ബക്‌സറിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം, മൃതദേഹം കത്തിച്ച നിലയിൽ പൊലീസ് കണ്ടെത്തി. മൃതദേഹത്തിൽ വെടിയേറ്റ പാടുകളുമുണ്ട്. പീഡിപ്പിച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ അനുമാനം.പെൺകുട്ടിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ അറിയാൻ കഴിയൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.