
മലപ്പുറം: ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ വൈറസിന് കീഴടങ്ങിയ അഷ്മില്‍ ഡാനിഷിന്റെ സ്വപ്നം ഒരു ഫുട്ബാളറാവുകയെന്നതായിരുന്നു.
ജന്മനാടായ ചെമ്പ്രശ്ശേരിയിലെ സി.എഫ്.എ അക്കാദമിയില്‍നിന്ന് ഫുട്ബാളിന്റെ ബാലപാഠങ്ങള്‍ പഠിച്ച് അവൻ അക്കാദമിയുടെ അണ്ടർ 14 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വരെയെത്തി. ക്യാപ്റ്റനായി അവനുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഒരു ധൈര്യമാണെന്നാണ് കൂടെയുള്ള സഹകളിക്കാരും പറയുന്നത്.
ഫുട്ബാളായിരുന്നു അവന്റെ സിരകളിലെ ഊർജമെന്ന് സ്കൂളിലെ കായികാധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. പഠിച്ചിരുന്ന പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളില്‍ ഫുട്ബാള്‍ ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് കണ്ണീരിലാഴ്ത്തിയ ദുഃഖവാർത്തയെത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഫുട്ബാള്‍ അക്കാദമിയിലേക്ക് ബൈക്കില്‍ ഒപ്പം വരാൻ വീട്ടില്‍ നിന്നിറങ്ങും മുമ്പ് അഷ്മിലിനൊരു ഫോണ്‍ വിളിയുണ്ടായിരുന്നൂ, സാറേ, നമുക്ക് പോണ്ടേ’ എന്നാണ് ചോദിക്കുക” – ആ ഫോണ്‍ കാള്‍ ഇനിയില്ലല്ലോ എന്ന് വിതുമ്പലോടെ പറയുന്നു പാണ്ടിക്കാട് ചെമ്പ്രശ്ശേരി സി.എഫ്.എ അക്കാദമി ട്രെയിനർ നാഫിഅ്.
കഴിഞ്ഞ വർഷത്തെ ക്യാമ്പുകളിലെല്ലാം മുടങ്ങാതെ പങ്കെടുത്ത അഷ്മില്‍ ഇത്തവണത്തെ സ്കൂള്‍ സബ് ജൂനിയർ ടീമിന്റെ പ്രതീക്ഷയായിരുന്നു. മുന്നേറ്റ നിരയില്‍ തിളങ്ങാനുള്ള കഴിവും ഫിറ്റ്നസും അവനുണ്ടെന്ന് കായികാധ്യാപകൻ സുധീറും പറഞ്ഞുവെക്കുന്നു.
മുമ്പ് പഠിച്ച എ.യു.പി ചെമ്പ്രശ്ശേരി സ്കൂളിനു വേണ്ടിയും ബൂട്ടണിഞ്ഞ അഷ്മില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മഞ്ചേരി ഉപജില്ല ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബാള്‍ മത്സരത്തില്‍ സബ് ജൂനിയർ വിഭാഗത്തില്‍ സ്കൂള്‍ ചാമ്പ്യന്മാരായത് അവന്റെ കൂടി പ്രയത്നത്താലാണ്. നിപ മഹാമാരിയോട് പൊരുതിത്തോറ്റ് ഒടുക്കം ജീവിതത്തില്‍നിന്ന് അഷ്മില്‍ അപ്രതീക്ഷിതമായി ബൂട്ടഴിച്ചു.