നിപ പരിശോധന; ഐസിഎംആര്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബ് കോഴിക്കോടെത്തി; ഫലം ഇനി ജില്ലയില്‍ തന്നെയറിയാം
സ്വന്തം ലേഖിക
കോഴിക്കോട്: നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സാംപിളുകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുളള ഐ സി എം ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബ് കോഴിക്കോട് സജീകരിച്ചു .
മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരങ്ങളിലായിരിക്കും ലാബിന്റെ പ്രവര്‍ത്തനം നടക്കുക. വരുന്ന രണ്ട് ആഴ്ചകളിലാണ് ലാബിന്റെ പ്രവര്‍ത്തനം നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ നിപ പരിശോധനകള്‍ കോഴിക്കോട് തന്നെ നടത്താനാകും. നിപ ബാധിതരുമായി പ്രാഥമിക സമ്പര്‍ക്കം നടത്തിയവരുടെ സാംപിളുകളാണ് ഇവിടെ പരിശോധിക്കുക. മറ്റ് സാംപിളുകളുടെ പരിശോധന മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിലും പരിശോധിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംഘം കോഴിക്കോടെത്തി. ഡോക്ടര്‍ ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുളള സംഘം വൈറസ് ബാധിത പ്രദേശങ്ങളുടെ സ്ഥിതിഗതികള്‍ മനസിലാക്കുകയും വിദഗ്ധ ഉപദേശം നല്‍കുകയും ചെയ്തു.
വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ ദിവസവും വൈകുന്നേരം കൈമാറും. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുക.