video
play-sharp-fill
നിപ്പാ വ്യാജ പ്രചാരണം: പ്രവാസി മലയാളികൾ ഭീതിയിൽ; യാത്രാ വിലക്ക് വന്നേക്കുമെന്നു സൂചന

നിപ്പാ വ്യാജ പ്രചാരണം: പ്രവാസി മലയാളികൾ ഭീതിയിൽ; യാത്രാ വിലക്ക് വന്നേക്കുമെന്നു സൂചന

സ്വന്തം ലേഖകൻ

കൊച്ചി: നിപ്പ വൈറസിനെ തുടർന്നു സംസ്ഥാനത്ത് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ പ്രവാസി മലയാളികൾക്കു ഭീഷണിയാകുന്നു. വൈറസ് ബാധ സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ അമിതമായാൽ ഇത് പ്രവാസി മലയാളികളുടെ മടക്കയാത്രയെ തന്നെ ബാധിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തിൽ വൈറസ് ബാധയുണ്ടെന്നു കണ്ടെത്തുന്ന സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വിദേശ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയാൽ ഇത് മലയാളികൾ അടക്കമുള്ള നൂറുകണക്കിനു വിദേശജോലിക്കാർക്ക് ഭീഷണിയായി മാറും. എന്നാൽ, ഇത് മനസിലാക്കാതെയാണ് വിദേശ മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ നിപ്പയുടെ വൈറസ് ബാധയെപ്പറ്റി വ്യാപകമായ പ്രചാരണം നടത്തുന്നത്.
കേരളത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ മാത്രമാണ് ഇതുവരെ നിപ്പാ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ മരിച്ചത് മൂന്നു പേർ മാത്രമാണ്. ഇവരെ ചികിത്സിച്ചവർ അടക്കം 11 പേർക്കു മാത്രമാണ് ഇതുവരെ നിപ്പാ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നതും. എന്നാൽ, കേരളം മുഴുവൻ നിപ്പാ വൈറസ് ബാധയാണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്.
നിപ്പാ ബാധിച്ച് മരിച്ചവരുടെ വീട്ടിലെ കിണറ്റിൽ നിറയെ വവ്വാലുകളായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വവ്വാലുകൾ കാഷ്ടിച്ചാവാം വെള്ളത്തിൽ വൈറസ് ബാധ എത്തിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ കേരളത്തെ തന്നെ ഭീതിപ്പെടുത്തുന്ന രീതിയിലാണ്. ഇത്തരത്തിൽ പ്രചാരണം വ്യാപകമായാൽ വിദേശ രാജ്യങ്ങളിലേയ്ക്കു സഞ്ചരിക്കുന്നതിനു വൈറസ് ബാധയുടെ പേരിൽ മലയാളികൾക്ക് വിലക്കുണ്ടാകും. ഇത് മനസിലാക്കാതെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ.