വീണ്ടും നിപ മരണം ; കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്; മരിച്ച വയോധികന്റെ വീടിന് 3 കിമീ ചുറ്റളവിൽ പ്രവേശന നിയന്ത്രണം; സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണം

Spread the love

പാലക്കാട്: ആശങ്ക തീരുന്നില്ല സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. കണ്ടൈയ്ൻമെന്റ് സോണുകൾ ഉടൻ പ്രഖ്യാപിക്കും. മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകി.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചതായി ഇന്നലെ രാത്രി റിപ്പോർട്ട് വന്നത്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ സാമ്പിൾ വിശദ പരിശോധനയ്ക്ക് പുണെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.

കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് 2018 മേയ് മാസത്തിലാണ്. കോഴിക്കോട് ജില്ലയിൽ ആയിരുന്നു അത്. 17 പേരാണ് അന്ന് മരിച്ചത്. 2019 ജൂണിൽ കൊച്ചിയിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തു. 2021 സെപ്തംബറിൽ കോഴിക്കോട് വീണ്ടും രോഗബാധ ഉണ്ടായി. 2023 ൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മലപ്പുറം ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ, ഒടുവിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നു. ജാഗ്രത തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group