play-sharp-fill
കോഴിക്കോട് നിപ സംശയം; സമ്പർക്കപ്പട്ടികയിൽ 75 പേർ, 16 ടീമുകൾ രൂപീകരിച്ച് ചുമതലകൾ നൽകി ; ഹൈ റിസ്‌ക് കോൺടാക്റ്റ് ഉള്ളവർ ഐസൊലേഷനിൽ; ജില്ലയിൽ മാസ്‌ക് നിർബന്ധം

കോഴിക്കോട് നിപ സംശയം; സമ്പർക്കപ്പട്ടികയിൽ 75 പേർ, 16 ടീമുകൾ രൂപീകരിച്ച് ചുമതലകൾ നൽകി ; ഹൈ റിസ്‌ക് കോൺടാക്റ്റ് ഉള്ളവർ ഐസൊലേഷനിൽ; ജില്ലയിൽ മാസ്‌ക് നിർബന്ധം

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


2021ൽ പുറത്തിറക്കിയ പ്രോട്ടോക്കോൾ നടപടികൾ സ്വീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 16 ടീമുകൾ രൂപീകരിച്ച് ചുമതലകൾ നൽകിയെന്നും മന്ത്രി പറഞ്ഞു. 75 ആളുകളാണ് സമ്പർക്ക പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ എല്ലാ ഹോസ്‌പിറ്റലുകളിലും ഇൻഫെക്ഷൻ കൺട്രോൾ റൂം തുറന്ന് പ്രവർത്തിപ്പിക്കാൻ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.ഹൈ റിസ്‌ക് കോൺടാക്റ്റ് ഉള്ളവർ ഐസൊലേഷനിൽ കഴിയാനും സെക്കൻഡറി കോൺടാക്റ്റ് ഉള്ളവർ വീടുകളിലും ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗികളെ കാണാനുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു.കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് ഉണ്ടായ രണ്ട് അസ്വഭാവിക മരണത്തെ തുടർന്ന് നിപ വൈറസ് സംശയത്തിൽ  നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ യോഗം ചേർന്നത്. പൂനെ എൻ ഐ വി ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിപ സംശയിക്കുന്നതിനാൽ ജില്ല മുഴുവൻ മന്ത്രി വീണ ജോർജ്  അതീവ ശ്രദ്ധ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ഡോക്‌ടർമാരെ മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട് ജില്ലയില്‍ വിന്യസിയ്ക്കുമെന്നും പനി ബാധിതരിൽ ഹൈ റിസ്‌ക് രോഗികളെ ഐസൊലേറ്റ് ചെയ്യുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. സമയ നഷ്‌ടം ഒഴിവാക്കാനാണ് നിപയാണ്  എന്ന് കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

രോഗ ബാധിതരെന്ന് സംശയിക്കുന്ന പ്രദേശങ്ങൾ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്. നിലവില്‍ ചികിത്സയിലുള്ള ഒൻപത് വയസുകാരന്‍റെ നില ഗുരുതരമാണ് എന്നും മന്ത്രി അറിയിച്ചു. നേരത്തെ സമാന രീതിയിൽ മരണങ്ങൾ ഉണ്ടായോ എന്ന വിഷയം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. നിപയാണെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങളാണ് കോഴിക്കോട് സംഭവിച്ചത്. രോഗം സംശയിക്കുന്ന ആദ്യത്തെയാൾ ഓഗസ്റ്റ് 30നാണ് മരിച്ചത്. ഇയാൾ ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിൽ എത്തിയ ആളാണ് രണ്ടാമത് മരിച്ചത്.