നിപ മനുഷ്യനിലേക്ക് പടരാൻ കാരണം കാവുകളും ആവാസവ്യവസ്ഥകളും ഇല്ലാതാക്കിയത് ;പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്ഥകളുടെ നാശം വവ്വാൽ അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധർ. പ്രകൃതിയിലെ മാറ്റങ്ങൾ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന പരിണാമം സംബന്ധിച്ച് വിശദപഠനങ്ങൾ നടത്തിയാലേ ഇത്തരം വൈറസുകൾ മനുഷ്യനിൽ അപകടകാരിയായതിന്റെ കാരണം കണ്ടെത്താനാവു എന്നും പക്ഷിശാസ്ത്രജ്ഞനായ ഡോ. ആർ. സുഗതൻ പറഞ്ഞു.നിപ വൈറസിന് അനേകം രൂപഭേദങ്ങളുണ്ട്. മനുഷ്യരിലേക്കു പകരുന്നതും പകരാത്തതുമായ ഘട്ടങ്ങളുണ്ട്. ഏതു ഘട്ടത്തിലാണ് രോഗാണു ഈ വ്യക്തിയിലേക്കു പകർന്നതെന്ന അന്വേഷണമാണു വേണ്ടത്. കാവ് പോലെയുള്ള വിസ്തൃതമായ ആവാസവ്യവസ്ഥ നശിക്കുമ്പോൾ വവ്വാലുകൾ കൂട്ടത്തോടെ ഒരിടത്തേക്കു ചേക്കേറും. ഇത് വൈറസിന്റെ വ്യാപനം എളുപ്പമാക്കും. മനുഷ്യനിലടക്കം പല ജീവജാലങ്ങളിലേക്ക് എത്തിപ്പെടും.വൈറസുകൾ വവ്വാലിൽനിന്ന് മറ്റു ജീവികളിലേക്ക് പകരാതിരിക്കാനാനുള്ള പോംവഴികളാണ് കണ്ടെത്തേണ്ടത്.നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ പിടിച്ചെടുത്ത വവ്വാലുകളിൽനിന്ന് ശേഖരിച്ച 36 സാമ്പിളുകളിൽ 12 എണ്ണത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിപ സ്ഥിരീകരിച്ച രോഗിയുടെ സ്രവങ്ങളിൽ കണ്ടെത്തിയ വൈറസിന്റെയും വവ്വാലുകളിൽനിന്നു കണ്ടെത്തിയ വൈറസിന്റെയും ഘടന ഒന്നാണോ എന്ന് പരിശോധിക്കണം. ഈ വവ്വാലുകളുടെ ശരീരത്തിൽ കണ്ടെത്തിയ വൈറസുകളെല്ലാം രോഗഹേതുവായിരുന്നെങ്കിൽ ആ പ്രദേശങ്ങളിലുള്ള ഒന്നിലധികം പേർക്ക് രോഗം ബാധിച്ചേനെ.എന്നാൽ, അതുണ്ടായില്ല. നിപ വൈറസ് ഉൾപ്പെടെയുള്ള സൂക്ഷ്മജീവികളിൽ ജനിതകമാറ്റങ്ങൾ സംഭവിക്കാതിരിക്കാനും മനുഷ്യരിലേക്കു പടരാതിരിക്കാനും ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിലർത്തുക എന്നതാണു പോംവഴിയെന്നും ഡോ. സുഗതൻ ചൂണ്ടിക്കാട്ടുന്നു.