
പാലക്കാട് : പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെൻ്റിലേറ്ററില്‍ ആണ്.അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ഒരു ഡോസ് ഇഞ്ചക്ഷൻ കൂടി നല്‍കി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും ആശുപത്രി മാറ്റം നടക്കുക. ഇവരുടെ സമ്പർക്ക പട്ടികയില്‍ 91 പേരാണ് ഉള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇവർ നിരീക്ഷണത്തിലാണ്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലും കർശന സുരക്ഷ തുടരുകയാണ്. കണ്ടൈൻമെന്റ് സോണായ ഇവിടെ പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. നിപാരോഗിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ള ഒരാള്‍ക്ക് നേരിയ പനിയുടെ ലക്ഷണം ഉണ്ടെന്നാണ് കണ്ടെത്തല്‍ ഇവരെ ആശുപത്രിയില്‍ നിരീക്ഷിച്ചുവരികയാണ്.