
കോട്ടയം: 1957 ഏപ്രിൽ ആറാം തീയ്യതി യൂറോപ്പിലേയും അമേരിക്കയിലേയും പല പ്രമുഖ പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട പ്രധാന വാർത്ത നമ്മുടെ കൊച്ചു കേരളത്തെക്കുറിച്ചായിരുന്നു. ഇന്ത്യയിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലെത്തിയിരിക്കുന്നു എന്നതായിരുന്നു അമേരിക്കയെ വിറളി പിടിപ്പിച്ച ആ ചൂടൻ വാർത്ത.
സോവിയറ്റ് യൂണിയനുമായുള്ള ശീതസമരത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് ചേരികളെ മുളയിലേ നുള്ളിക്കളയാൻ പഠിച്ച പണി പതിനെട്ടും നോക്കിക്കൊണ്ടിരുന്ന അമേരിക്കയ്ക്ക് ഇരുട്ടടിയായിരുന്നു കേരളത്തിൽ നിന്നുള്ള ഈ ഞെട്ടിപ്പിക്കുന്ന വാർത്ത .
അവർ വെറുതെയിരുന്നില്ല . അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി ഐ എ യുടെ ഒരു സംഘം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിൽ ലാൻഡ് ചെയ്തു. മാസങ്ങൾ നീണ്ട രഹസ്യാന്വേഷണങ്ങൾക്കൊടുവിൽ അവർക്ക് ഈ ചുവപ്പ് വിപ്ലവത്തിന്റെ ആണിക്കല്ല് കണ്ടെത്താനും കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോപ്പിൽ ഭാസി എന്ന ഒരു
“ഭീകരൻ “എഴുതി കേരളത്തിലങ്ങോളമിങ്ങോളം രഹസ്യമായും പരസ്യമായും നിരവധി സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ട “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകമായിരുന്നുവത്രേ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ഇത്ര പ്രചുരപ്രചാരം ലഭിക്കാൻ ഇടയാക്കിയതെന്നായിരുന്നു
സി ഐ എ യുടെ കണ്ടെത്തൽ .
കേരളത്തിൽ നിലനിന്നിരുന്ന ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായി എഴുതപ്പെട്ട ആ നാടകം ഗവർണ്മെന്റ് നിരോധിക്കുകയും നാടക കലാകാരന്മാരെ അറസ്റ്റ് ചെയ്യുകയുമൊക്കെ ഉണ്ടായിട്ടും പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഇന്നും ഒരു വിസ്മയമായി നിലനിൽക്കുന്നു .
ചലച്ചിത്രഗാനങ്ങളേക്കാൾ ജനപ്രീതി നേടിയെടുത്തവയായിരുന്നു
ഈ നാടകത്തിനു വേണ്ടി
ഒ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന പ്രശസ്ത ഗാനങ്ങൾ .
“പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
ആ മരത്തിൻ പൂന്തണലില് വാടിനിൽക്കുന്നോളെ…”
“വെള്ളാരംകുന്നിലെ
പൊൻ മുളം കാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ…”
തുടങ്ങിയ ഗാനങ്ങൾ കേരളത്തിൽ ഒരു പുതിയ ഗാനസംസ്കാരത്തിന് തന്നെ അടിത്തറയേകി .
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളെ ഇളക്കിമറിച്ച ഈ നാടകം സിനിമയാക്കിയാൽ തകർപ്പൻ വിജയം കൈവരിക്കാം എന്ന് കണക്ക് കൂട്ടിയത് കലയും കച്ചവടവും സമന്വയിപ്പിക്കാൻ മിടുക്കനായ സാക്ഷാൽ കുഞ്ചാക്കോയായിരുന്നു.
ആ കണക്കുകൂട്ടൽ തെറ്റിയില്ല .
“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിന് തോപ്പിൽഭാസിയെക്കൊണ്ട് തന്നെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിപ്പിച്ച് കുഞ്ചാക്കോ ചലച്ചിത്രാവിഷ്ക്കാരം നൽകി.
സത്യൻ ,പ്രേംനസീർ ,
കെ പി ഉമ്മർ ,ഷീല ,ജയഭാരതി , കെ പി എസി ലളിത, അടൂർ ഭാസി , എസ് പി പിള്ള തുടങ്ങിയ മുൻനിര താരങ്ങളെല്ലാം തന്നെ ഈ സിനിമയിൽ അഭിനയിച്ചു.
നാടകത്തിൽ ഗാനങ്ങളെല്ലാം എഴുതിയത് ഓ എൻ വി കുറുപ്പ് ആയിരുന്നെങ്കിൽ സിനിമയിലെ എല്ലാ ഗാനങ്ങളും എഴുതിയത് വയലാർ രാമവർമ്മയായിരുന്നു .
നാടകത്തിലും സിനിമയിലും സംഗീതം ദേവരാജൻ മാസ്റ്റർ തന്നെ നിർവ്വഹിച്ചു.
“അമ്പലപ്പറമ്പിലെ
ആരാമത്തിലെ … ”
( യേശുദാസ് )
“കൊതുമ്പുവള്ളം തുഴഞ്ഞു വരും കൊച്ചുപുലക്കള്ളി … ” ” ( യേശുദാസ് , ലീല, മാധുരി)
“എല്ലാരും പാടത്ത്
സ്വർണ്ണം വിതച്ചു ….”
(സുശീല)
“പല്ലനയാറിൻ തീരത്തിൽ
പത്മപരാഗകുടീരത്തിൽ ….”
(എം .ജി.രാധാകൃഷ്ണൻ ,
പി സുശീല )
“നീലക്കടമ്പിൻ പൂവോ …”
(യേശുദാസ് )
“ഐക്യമുന്നണി ഐക്യമുന്നണി …”
( യേശുദാസ് ,വസന്ത , മാധുരി )
എന്നീ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.
1970 സെപ്റ്റംബർ 11-ന് വെള്ളിത്തിരകളിലെത്തിയ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന പ്രശസ്ത നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിന്
ഇന്ന് 55-ാം പിറന്നാൾ .
[3:26 pm, 11/9/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid