
രക്താർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒമ്പതുവയസുകാരി എച്ച്ഐവി ബാധിച്ച് മരിച്ച സംഭവം: നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട് ഹൈക്കോടതി; ഇതുസംബന്ധിച്ച് മൂന്നാഴ്ചക്കകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം
കൊച്ചി: രക്താർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒമ്പതുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട് ഹൈക്കോടതി.
തിരുവനന്തപുരം റീജനൽ ക്യാൻസർ സെന്ററിലെ ചികിത്സയുടെ ഭാഗമായി നൽകിയ രക്തത്തിൽനിന്നാണ് എച്ച്ഐവി ബാധിതയായത്. 2018ൽ കുട്ടി മരിച്ചു. തുടർന്നാണ് പിതാവ് നഷ്ടപരിഹാരംതേടി ഹൈക്കോടതിയെ സമീപിച്ചത്.
ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയോ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോ മൂന്നാഴ്ചക്കകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിർദേശം. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നാണ് ആർസിസിയിലേക്ക് കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെയെത്തി ആദ്യം നടത്തിയ പരിശോധനകളിൽ എച്ച്ഐവി നെഗറ്റിവായിരുന്നു. 49 തവണ കുട്ടിക്ക് രക്തം നൽകി. രക്തം നൽകിയ ഒരാൾ എച്ച്ഐവി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. പിന്നീട് കുട്ടിയും എച്ച്ഐവി പോസിറ്റിവായി.
പരിശോധനക്ക് അന്നുപയോഗിച്ചിരുന്ന സാങ്കേതികവിദ്യ എച്ച്ഐവി ബാധ ഉടനടി കണ്ടെത്താൻ പര്യാപ്തമായിരുന്നില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.