
ഡല്‍ഹി: യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ ഈ മാസം 24 അല്ലെങ്കില്‍ 25 തീയതികളില്‍ തൂക്കിലേറ്റുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോള്‍.
വിഷയത്തില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമങ്ങള്‍ ഈ കേസ് റിപ്പോർട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
നേരിട്ട് ഹാജരായാണ് കെ.എ പോള്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. പ്രധാനമായും മൂന്ന് ദിവസത്തേക്ക് മാധ്യമങ്ങളെ നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നാണ് പോളിന്റെ ആവശ്യം. മാത്രമല്ല കേസിലെ സഹായ സമിതിയുടെ പ്രവർത്തകനായ സുഭാഷ് ചന്ദ്രനും കൂടാതെ കാന്തപുരം അബൂബക്കർ മുസല്യാരും മാധ്യമങ്ങളുമായി ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്നതും വിലക്കണമെന്നാണ് കെ.എ പോള്‍ ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വരുന്ന 24 നോ 25 നോ നിമിഷപ്രിയയെ തൂക്കിലേറ്റാനുള്ള സാധ്യതയുണ്ടെന്നാണ് കെ.എ പോള്‍ കോടതിയെ അറിയിച്ചത്. അതിനാലാണ് മാധ്യമങ്ങളെ വിലക്കണമെന്ന് പോള്‍ ആവശ്യപ്പെടുന്നത്. നിർണായകമായ ചർച്ചകള്‍ ഇപ്പോള്‍ യമനില്‍ നടക്കുന്നുണ്ട്. താൻ സുഭാഷ് ചന്ദ്രനില്‍ നിന്നും കാന്തപുരത്തില്‍ നിന്നും പണം വാങ്ങിയെന്നാണ് പറയുന്നത്. എന്നാല്‍ ഇവരെ കാണുകയോ അവരുമായി യാതൊരു ബന്ധമോ തനിക്കില്ല. ഇവരില്‍ നിന്ന് ഒരു ഡോളർ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നും കെ എ പോള്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹർജി പരിഗണിച്ച സുപ്രീം കോടതി അറ്റോർണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചത്. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി അറിയിച്ചു.
നിമിഷപ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ പരാതി ഉയർന്നിരുന്നു.
കെ.എ. പോളിന്റെ എക്സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യൻ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു. പ്രസ്തുത പോസ്റ്റ് വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇക്കാര്യത്തില്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.