
തിരുവനന്തപുരം: യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ കൂട്ട കമന്‍റ്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനുമുള്ള തീവ്രശ്രമങ്ങൾക്കിടെ, ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരന്‍റെ ആത്മാവ് പൊറുക്കില്ലെ’ന്നുമുള്ള മലയാളത്തിലുള്ള കമന്‍റുകള്‍ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണ’മെന്നും ചില കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്.
ചില മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് തലാലിന്‍റെ സഹോദരന്‍റെ പോസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നാണെന്നും നിമിഷപ്രിയക്ക് മാപ്പു നല്‍കരുതെന്നും ചിലര്‍ കമന്‍റ് ചെയ്തു. എന്നാല്‍ നിമിഷപ്രിയക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മറ്റ് ചിലരുടെ കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മാപ്പ് നല്‍കരുതെന്ന തരത്തില്‍ തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കപ്പെടുന്ന കമന്‍റുകള്‍ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണമെന്നും ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിച്ചിട്ടുണ്ട്. ഇതിനിടെ നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം ഒഴിവാക്കിയിരുന്നു. യെമനിൽ ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കും. തിങ്കളാഴ്ച തന്നെ യമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നാണ് സൂചന. തലാലിന്‍റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദിയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരൻ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.