വല്യന്നം വന്നടാ തെയ്തക തിന്തകം.; പൂരനിലാവില്‍ അന്നങ്ങളെത്തി;ഭക്തി സാന്ദ്രമായി നീലംപേരൂര്‍ പടയണി

Spread the love

കോട്ടയം :അവിട്ടംനാളില്‍ ചൂട്ടുപടയണിയോടെ ആരംഭിച്ച നീലംപേരൂര്‍ പൂരംപടയണിയില്‍ പടയണികളത്തില്‍ വല്യന്നം എഴുന്നള്ളി.
‘വല്യന്നം വന്നടാ തെയ്തക തിന്തകം’ താളത്തില്‍ ആല്‍ത്തറയില്‍നിന്ന് ചൂട്ടുകറ്റുകളുടെ പ്രഭയിലാണ്‌ അന്നങ്ങള്‍ എഴുന്നള്ളിയത്. വ്യത്യസ്ത അളവുകളുള്ള അന്നങ്ങളെയാണ് സമര്‍പ്പിച്ചത്.’വലിയന്നങ്ങളും ചെറിയന്നങ്ങളും മറ്റു കോലങ്ങളും പടയണി കളത്തില്‍ എത്തിയശേഷം സിംഹം എഴുന്നള്ളിയതോടെ പടയണി സമാപിച്ചു. പ്രളയവും കോവിഡ്‌ മഹാമാരിയുംമൂലം രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ നീലംപേരൂരില്‍ പടയണിനിലാവുദിച്ചത്‌.

കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്‍ ഗന്ധമാതനഗിരി പര്‍വ്വത താഴ്ചയില്‍ മാനസരോവരത്തില്‍ അരയന്നങ്ങളെ കണ്ടതിന്റെ ദൃശ്യാവിഷ്കാരമാണ് അവതരിപ്പിച്ചത്.രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഒരു വല്യന്നവും രണ്ടു ചെറിയ അന്നങ്ങളുമാണ് എഴുന്നള്ളിയത്.

ഇതോടൊപ്പം വിശ്വസികള്‍ 90 ചെറിയ അന്നങ്ങളെയും കാഴ്ചവച്ചു. 30 അടി ഉയരമുള്ള ഒരു വല്യന്നവും 15 അടി വീതം ഉയരമുള്ള രണ്ട് ചെറിയ അന്നങ്ങളും, 90 ചെറിയ അന്നങ്ങളും പടയണികളം വാണു. അരയന്നങ്ങള്‍ക്കൊപ്പം എട്ടര അടി ഉയരമുള്ള നീലംപേരൂര്‍ നീലകണ്ഠന്‍ എന്ന കരക്കാര്‍ വിളിക്കുന്ന പൊയ്യാന, നാഗയക്ഷി, ഭീമസേനന്‍, രാവണന്‍, ഹനുമാന്‍, അമ്ബലക്കോട്ട തുടങ്ങിയ പതിവ് കോലങ്ങള്‍ക്കുപുറമേ അര്‍ധനാരീശ്വരന്‍, മാര്‍ക്കണ്ഡേയചരിതം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സൈനികരുടെ കോലവും പീരങ്കിയും ഇന്ത്യയുടെ ഭൂപടവും എഴുന്നള്ളി. അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയില്‍ എത്തിയശേഷം ദേവിവാഹനം സിംഹം എഴുന്നള്ളുയതോടെയാണ്‌ പടയണി ആരംഭിച്ചത്‌. തുടര്‍ന്ന് വ്രതം അനുഷ്ഠിച്ച ഗോപകുമാര്‍ മഠത്തില്‍ അരിയും തിരിയും സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group