നിലമ്പൂരിൽ അങ്കപ്പുറപ്പാട്: ഉപതെരഞ്ഞെടുപ്പ് മെയ് മാസത്തിൽ: സ്ഥാനാർത്ഥി നിർണയം നടക്കുന്നു: ഉപതിരഞ്ഞെടുപ്പിലെ നിർണായക ഘടകം പി.വി.അൻവർ ആയിരിക്കുമെന്നതില്‍ തർക്കമില്ല.

Spread the love

തിരുവനന്തപുരം: നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപ് കേരളം വീണ്ടും വാശിയേറിയ ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്.
പി.വി. അൻവർ രാജിവച്ച ഒഴിവില്‍ നിലമ്പുരില്‍ മേയ് മാസത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
മേയ് അഞ്ചിന് വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ സംസ്ഥാന ചീഫ് ഇലക്‌ട്രല്‍ ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നല്‍കി. തീയതിയില്‍ ഉടൻ തീരുമാനമുണ്ടാവും. അവധിക്കാലമായതിനാല്‍ മേയ് മാസത്തില്‍ തന്നെ ഉപതിരഞ്ഞെടുപ്പിനാണ് സാദ്ധ്യത.

video
play-sharp-fill

ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.

കോണ്‍ഗ്രസില്‍ നിന്ന് വി എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടെയുണ്ടെങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിക്കും സാധ്യതയുണ്ട്.
ഉപതിരഞ്ഞെടുപ്പിലെ നിർണായക ഘടകം പി.വി.അൻവർ ആയിരിക്കുമെന്നതില്‍ തർക്കമില്ല. സുപ്രധാന തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപ് എല്‍.ഡി.എഫിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കാനാണ് അൻവറിന്റെ ലക്ഷ്യം. പിവി അൻവർ ഒപ്പമുള്ളത് യുഡിഎഫിന് ആശ്വാസമാണ്.
2 വട്ടം മണ്ഡലം നിലനിർത്തിയത് എല്‍.ഡി.എഫിന് ആശ്വാസം. അത് അൻവറിനെ ഒപ്പം നിർത്തിയായിരുന്നു. ഇപ്പോള്‍ അൻവറില്ലാത്തത് എങ്ങനെ ബാധിക്കുമെന്നതാണ് ആകാംക്ഷ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ അടുത്ത മണിക്കൂറില്‍ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലം തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടമായി യുഡിഎഫ് കരുതുന്നു. അതിനാല്‍ സ്ഥാനാർത്ഥി നിർണയം അവിടെ നിർണായകമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂരില്‍ കളമൊരുങ്ങുക മണ്ഡല ചരിത്രത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിനാണ്. കെ.കുഞ്ഞാലി, ആര്യാടൻ മുഹമ്മദ്, എം.പി.ഗംഗാധരൻ, ടി.കെ.ഹംസ തുടങ്ങി തലയെടുപ്പുള്ള നേതാക്കളെ നിയമസഭയിലേക്കു തിരഞ്ഞെടുത്തയച്ച ചരിത്രം നിലമ്പൂരിനുണ്ട്.

ഒരു സിറ്റിങ് എംഎല്‍എ വെടിയേറ്റു മരിച്ച അപൂർവ ചരിത്രവും നിലമ്പൂരിനുണ്ട്. 1969ല്‍ കെ.കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്. മലപ്പുറം ജില്ല നിലവില്‍ വരുന്നതിനു മുൻപേയുള്ള മണ്ഡലമാണ് നിലമ്പൂർ.
1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ചാണു നിലമ്പൂർ രൂപീകരിച്ചത്. കെ.കുഞ്ഞാലിയാണ് ആദ്യ എംഎല്‍എ. 1967ല്‍ കുഞ്ഞാലി വിജയം ആവർത്തിച്ചു. രണ്ടുതവണയും തോല്‍പിച്ചത് ആര്യാടൻ മുഹമ്മദിനെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്ന് 1970ല്‍ ആണ് ആദ്യ ഉപതിരഞ്ഞെടുപ്പു നടന്നത്.

അന്ന് സഹതാപ തരംഗം സിപിഎമ്മിനെ തുണച്ചില്ല. കോണ്‍ഗ്രസിന്റെ എം.പി.ഗംഗാധരൻ സിപിഎമ്മിന്റെ വി.പി.അബൂബക്കറിനെ തോല്‍പിച്ച്‌ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കന്നിവിജയം സ്വന്തമാക്കി. 1977ല്‍ ആണ് ആര്യാടൻ ആദ്യമായി നിലമ്പൂരില്‍ ജയിച്ചത്.

1980ല്‍ ആയിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ട് 10 ദിവസത്തിനകം സി.ഹരിദാസ് ആര്യാടൻ മുഹമ്മദിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് (യു) നേതാവായിരുന്ന സി.ഹരിദാസ് തോല്‍പിച്ചത് അന്നു കോണ്‍ഗ്രസ് (ഐ) നേതാവായിരുന്ന ഇന്നത്തെ സിപിഎം നേതാവ് ടി.കെ.ഹംസയെ.

കുഞ്ഞാലി വധക്കേസിന്റെ സൂത്രധാരനായി സിപിഎം ആരോപിച്ച ആര്യാടൻ മുഹമ്മദ് ഇടതുപക്ഷത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) ടിക്കറ്റിലാണ് 80ലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ കോണ്‍ഗ്രസ് (ഐ)യിലെ എം.ആർ.ചന്ദ്രനെ തോല്‍പിച്ചത്.
1982ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും രാഷ്ട്രീയരംഗം കീഴ്മേല്‍ മറിഞ്ഞിരുന്നു. ടി.കെ.ഹംസ ഇടതുപക്ഷ സ്വതന്ത്രനായും ആര്യാടൻ മുഹമ്മദ് കോണ്‍ഗ്രസ് സ്ഥാനാർഥിയായും ഗോദയിലിറങ്ങി. കടുത്ത പോരാട്ടത്തില്‍ ടി.കെ.ഹംസ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു.

1987ല്‍ ദേവദാസ് പൊറ്റക്കാടിനെ തോല്‍പിച്ചു നിയമസഭയിലെത്തിയ ആര്യാടനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 വരെ അദ്ദേഹം വിജയം തുടർന്നു.
2016ല്‍ മത്സരരംഗത്തുനിന്നു മാറി മകൻ ഷൗക്കത്തിനെ രംഗത്തിറക്കി. ഇടതു സ്വതന്ത്രനായെത്തിയ അൻവർ കോണ്‍ഗ്രസിനെ തറപറ്റിച്ച്‌ 2വട്ടം മണ്ഡലം കൈപ്പിടിയിലാക്കുകയായിരുന്നു.

പൊതുവേ യുഡിഎഫ് മണ്ഡലമായാണ് നിലമ്പ്യൂരിനെ വിലയിരുത്തുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയും ഇടതു സ്വതന്ത്രൻ പി.വി.അൻവർ വിജയിച്ചു കയറി. ആ അൻവർ ഇത്തവണ എല്‍ഡിഎഫിന്റെ മുഖ്യശത്രുവാണ്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിക്കാണ്തന്റെ പിന്തുണയെന്ന് അൻവർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.

മത്സരിക്കാൻ തയ്യാറായി ആര്യാടൻ ഷൗക്കത്തും രംഗത്തുള്ളതിനാല്‍ കരുതലോടെയായിരിക്കും സ്ഥാനാർത്ഥി നിർണയം.
ഇത്തവണ സി.പി.എം പാർട്ടി ചിഹ്നത്തില്‍ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് സാദ്ധ്യതയേറെ. സ്വരാജ് അവിടെ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മാട്ടുമ്മല്‍ സലിം, വി.എം. ഷൗക്കത്ത്, ഷൊറോണ റോയ് എന്നിവരുടെ പേരുകളും കേള്‍ക്കുന്നു.