
തിരുവനന്തപുരം:മുതിർന്ന നാടക നടിയും മലയാളത്തിന്റെ അഭിമാനവുമായ നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു..
ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.