
നിലമ്പൂർ: കാളികാവ് : കാളികാവ് ചിറ്റയിൽ ആക്കുംപാറിൽ വ്യാപക മോഷണം. മൂന്നു വീടുകളിലാണ് മോഷണത്തിന് ശ്രമിച്ചത്.
ജനവാസ മേഖലയിലെ മൂന്ന് വീടുകളിലാണ് ഒരേരാത്രി മോഷണശ്രമം നടന്നത്. ഇതിൽ കുരിക്കൾ മൂസയുടെ വീട്ടിൽനിന്ന് 28 പവൻ സ്വർണാഭരണങ്ങൾ കള്ളൻ കവർന്നു. കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കുരിക്കൾ മൂസയുടെ വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. അലമാരയിലെ ജ്വല്ലറി ബോക്സിൽ സൂക്ഷിച്ചിരുന്ന മൂസയുടെ മരുമകൾ ആബിദയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണത്തിനിടെ പാത്രം തട്ടി ശബ്ദം കേട്ട് ആബിദയുടെ ഭർത്താവ് ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
പൂവ്വത്തിക്ക അബൂതാഹിറിന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടെങ്കിലും ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
പൂവ്വത്തിക്കൽ കുഞ്ഞാണിയുടെ വീട്ടിൽ ജനൽപാളി തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ കള്ളൻ കടന്നുകളയുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ കാളികാവ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ മേഖലയിൽ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒന്നിൽ പോലും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ വർഷം അമ്പലക്കടവിൽ നടന്ന 45 പവൻ്റെ മോഷണക്കേസിലും ഇതുവരെ തുമ്പുണ്ടായിട്ടില്ല.



