
നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് തുടക്കമിട്ട് മുന്നണികൾ: എൽ ഡി എഫിന് അഭിമാന പോരാട്ടം: യുഡിഎഫിന് വെല്ലുവിളി.
മലപ്പുറം: ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നതോടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍.
പിവി അന്‍വര്‍ പുറത്തുപോയ നിലമ്പൂര്‍ നിലനിര്‍ത്തുകയെന്നത് ഇടതുപക്ഷത്തിന് അഭിമാന പോരാട്ടമാണെങ്കില്‍ യുഡിഎഫിന് അതൊരു വെല്ലുവിളിയാണ്.
ഇടതുപക്ഷ ചേരിവിട്ട് പുറത്തുചാടിയ പിവി അന്‍വര്‍ രാജിവച്ച നിലമ്പൂര്‍ സീറ്റ് തിരിച്ചുപിടിക്കേണ്ടത് യുഡിഎഫിന്‍റെ അഭിമാന വിഷയം തന്നെയാണ്, പ്രത്യേകിച്ചും അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ അന്‍വറിന്‍റെ ചോയ്സും യുഡിഎഫ് രാഷ്ട്രീയത്തില്‍ മുനമ്പം സൃഷ്ടിച്ച പ്രകമ്പനങ്ങളുമൊക്കെ പരിഗണിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിക്കാണ് മുന്‍തൂക്കം. ആര്യാടന്‍ ഷൗക്കത്ത് ആണ് സീറ്റിനായി രംഗത്തുള്ള രണ്ടാമന്‍. പക്ഷേ ഷൗക്കത്തിനെ മല്‍സരിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് വെല്ലുവിളിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൗക്കത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയല്ലെന്ന് അന്‍വര്‍ തന്നെ നേരത്തെ പരസ്യമായി പറഞ്ഞതാണ്. അത് കോണ്‍ഗ്രസിന് ഇഷ്ടപ്പെട്ടില്ലെന്ന് കണ്ടപ്പോള്‍ പിന്നീട് അന്‍വര്‍ തന്നെ അത് പിന്‍വലിക്കുകയും ചയ്തു. പക്ഷേ നിലമ്പൂരില്‍ അന്‍വര്‍ ഒരു നിര്‍ണായക ഘടകമാണെന്നത് അവഗണിക്കാനുമാകില്ല.
പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ വോട്ടുകളില്‍ അന്‍വറിന് നിര്‍ണായക സ്വാധീനമുണ്ടെന്നത് വസ്തുതയാണ്. ഷൗക്കത്തിനോടുള്ള എതിര്‍പ്പിലായിരുന്നു അന്‍വര്‍ ജോയിയുടെ പേരു പറഞ്ഞത്.
സംസ്ഥാനത്ത് മുസ്ലിം-ക്രിസ്ത്യന്‍ അകല്‍ച്ച കൂടി വരുന്ന സാഹചര്യം കൂടി യുഡിഎഫിന് പരിഗണിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മലബാര്‍ രാഷ്ട്രീയത്തില്‍ നിന്ന് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ചുരുക്കം നേതാക്കളിലൊരാളായ വിഎസ് ജോയിക്ക് സീറ്റ് നിഷേധിക്കുകയെന്നത് യുഡിഎഫ് രാഷ്ട്രീയത്തിനുതന്നെ വില്ലുവിളിയാകും.
പ്രത്യേകിച്ച് ഡിസിസി അധ്യക്ഷനും നാട്ടുകാരനും കൂടിയായ ജോയിയെ മാറ്റി നിര്‍ത്തി ആര്യാടനെ പരിഗണിക്കുമ്പോള്‍ അതിന് മറ്റു പല ഭാഷ്യങ്ങളും ഉണ്ടാകും എന്നത് മുസ്ലിം ലീഗ്പോലും ആഗ്രഹിക്കുന്ന ഒന്നല്ല. കഴിഞ്ഞ തവണ മല്‍സരിച്ച വിവി പ്രകാശിന്‍റെ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും ഷൗക്കത്തിന് തിരിച്ചടിയാണ്.
അതേസമയം സീറ്റ് കിട്ടിയില്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് പാര്‍ട്ടിക്ക് പുറത്തുപോകുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡോ. പി സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയ മോഡല്‍ നിലമ്പൂരില്‍ ഉണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
പക്ഷേ പാര്‍ട്ടി വിടുമെന്ന നേതാക്കളുടെ വെല്ലുവിളിക്ക് വഴങ്ങിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തും കോണ്‍ഗ്രസിനറിയാം. അപ്പുറത്ത് കോണ്‍ഗ്രസില്‍ നിന്ന് വന്ന് മല്‍സരിച്ചവരാരും വിജയം പോയിട്ട് ശക്തമായ മല്‍സരം പോലും കാഴ്ചവച്ചിട്ടില്ലെന്ന ചരിത്രം സിപിഎമ്മിനും ബോധ്യമുണ്ട്. അതിനാല്‍ സിറ്റിംങ്ങ് സീറ്റിലെ നിര്‍ണായക പോരാട്ടത്തില്‍ ഒരു പരീക്ഷണത്തിന് അവര്‍ ഒരുക്കമല്ലെന്ന സൂചനയാണ് മണ്ഡലം ചുമതലയുള്ള എം സ്വരാജിന്‍റെ വാക്കുകളിലുള്ളത്.
കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി സ്വന്തം സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കുന്നത് കൂട്ടത്തില്‍ നിന്നൊരാള്‍ കാലുവാരി അപ്പുറത്ത് മല്‍സരിക്കുമ്പോഴാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുമുണ്ട്. ഇതെല്ലാം നിലമ്പൂരില്‍ നിര്‍ണായകമാകും എന്നുറപ്പാണ്.