
അജൂബ : നൈജീരിയയിലെ നൈജർ സ്റ്റേറ്റില്‍ കഴിഞ്ഞ മാസം കത്തോലിക്കാ സ്കൂളില്‍ നിന്ന് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 130 സ്കൂള്‍ കുട്ടികളെയും ജീവനക്കാരെയും മോചിപ്പിച്ചു.
നവംബർ 21-നാണ് പാപ്പിരിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളില്‍ അതിക്രമിച്ചു കയറിയ സായുധ സംഘം ഏകദേശം 230 കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഡിസംബർ ആദ്യവാരത്തില്‍ 100 കുട്ടികളെ മോചിപ്പിച്ചിരുന്നു. ഇപ്പോള്‍ 130 പേരെക്കൂടി വിട്ടയച്ചതോടെ പിടിയിലുണ്ടായിരുന്ന 230 കുട്ടികളും പുറത്തെത്തിയതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
ആശ്വാസകരമായ ഉജ്ജ്വല നേട്ടമെന്നാണ് നടപടിയെ നൈജീരിയയിലെ ഫെഡറല്‍ ഗവണ്‍മെന്റ് വിശദമാക്കുന്നത്. രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും മോശമായ തട്ടിക്കൊണ്ട് പോകലുകളിലൊന്നായിരുന്നു ഇത്. നിലവില്‍ വിദ്യാർത്ഥികള്‍ ആരും തന്നെ സായുധ സംഘത്തിന്റെ പിടിയിലില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോചന ദ്രവ്യം നല്‍കിയാണോ കുട്ടികളെ മോചിപ്പിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ചിരിച്ചുകൊണ്ട് കൈകള്‍ വീശി പുറത്തേക്ക് വരുന്ന കുട്ടികളുടെ ചിത്രങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ തിങ്കളാഴ്ചയോടെ നൈജറിലെ മിന്നയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



