
പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. ജീവിത ശൈലി സർവ്വെയും, കുഷ്ടരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുള്ള അശ്വമേധം പദ്ധതിയും, കാൻസർ നിർണയം ഉൾപ്പെടെയുള്ള ഫീൽഡ് തല പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്.
2025ഓടുകൂടി ക്ഷയരോഗം, ലെപ്രെസി, മലേറിയ എന്നീ മാരക രോഗങ്ങൾ നിർമ്മാർജനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി നിർവ്വഹണവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. നഴ്സ് വിഭാഗത്തിലെ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ഹെൽത്ത് സെന്ററുകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് സി. ഐ. ടി. യു. നേതാവ് എളമരം കരീം ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ജൂനിയർ പബ്ലിക് നഴ്സ്മാർ നിസ്സഹരണ സമരം തുടരുന്നതും, ആശപ്രവർത്തകർക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയം പോലും പതിവായി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ആശാവർക്കർമാർ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം.
എളമരം കരീമിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എൻ. ജി. ഒ. സംഘ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാനോ, നഴ്സ് വിഭാഗം ജീവനക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനോ യാതൊരു ശ്രമവും നടത്തുന്നില്ല. ആശാവർക്കർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകി സമരം അവസാനിപ്പിക്കാനും ആരോഗ്യ മന്ത്രിയും സർക്കാരും തയ്യാറാകുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനാരോഗ്യ സുരക്ഷയുടെ ഭാഗമായിട്ടുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുള്ള ഗുരുതര പ്രതിസന്ധി പരിഹരിക്കണമെന്നും, എളമരം കരീമിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ. ജി. ഒ. സംഘ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിക്കും സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ, വനിതാ വിഭാഗം സംസ്ഥാന കൺവീനർ സിന്ധുമോൾ പി. സി. സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്,ജില്ലാ ട്രഷറർ പി. ആർ. രമേശ്, വൈസ് പ്രസിഡന്റ് പ്രദീപ് ബി. പിള്ള എന്നിവർ പ്രസംഗിച്ചു.