
തിരുവനന്തപുരം: സ്കൂള്‍ അധികൃതര്‍ ഗേറ്റ് പൂട്ടിയതിനെതുടര്‍ന്ന് പരീക്ഷ എഴുതുന്നതിനായി വിദ്യാര്‍ത്ഥിനിയെ മതിലിന് മുകളിലൂടെ കയറ്റി വിട്ട് പിതാവ്. നെയ്യാറ്റിൻകര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്ന് ഉച്ചയോടെയാണ് അസാധാരണ സംഭവം. മതിലിന് സമീപം ബൈക്ക് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥിനിയെ അതിന് മുകളിൽ കയറ്റിയാണ് മതിലിന് അപ്പുറത്ത് എത്തിച്ചത്.
ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂളിൽ നടന്ന ഹിന്ദി പ്രചാരണ സഭയുടെ പരീക്ഷയ്ക്കിടെയാണ് സംഭവം. രാവിലെത്തെ ഒരു സെഷൻ പരീക്ഷക്കുശേഷം വിദ്യാര്‍ത്ഥിനി ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയതായിരുന്നു. ഉച്ചയ്ക്കുശേഷമുള്ള പരീക്ഷ എഴുതുന്നതിനായി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയതിനാൽ വിദ്യാര്‍ത്ഥിനിക്ക് അകത്ത് കടക്കാനായില്ല.
സ്കൂള്‍ അധികൃതരോട് രക്ഷിതാവടക്കം ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നാണ് ആരോപണം. ഇതോടെ വിദ്യാര്‍ത്ഥിനിയെ സ്കൂളിനുള്ളിലെത്തിക്കുന്നതിനായി രക്ഷിതാവ് മതിലിലൂടെ കടത്തിവിടാനുള്ള സാഹസത്തിനൊരുങ്ങുകയായിരുന്നു. സ്കൂളിലെ പുറകിലെ മതിലിന് സമീപം ബൈക്ക് സെന്‍റര്‍ സ്റ്റാന്‍ഡിൽ നിര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ബൈക്കിന് മുകളിൽ കയറ്റി മതിലിലൂടെ സ്കൂളിലേക്ക് കയറ്റിവിടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരടക്കം പ്രതിഷേധിച്ചശേഷമാണ് പിന്നീട് സ്കൂള്‍ ഗേറ്റ് തുറന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group