‘ഗോപൻ സ്വാമി സമാധിയായി’ എന്ന് പോസ്റ്റർ, നെയ്യാറ്റിൻകരയിൽ അച്ഛനെ കു‍ഴിച്ചുമൂടി മക്കൾ ; ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെ പോലീസ് എത്തി മൃതദേഹം പുറത്തെടുത്തു

Spread the love

നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വാമിയെ സമാധിയിരുത്തിയതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. ആറുവിളാകം സ്വദേശി ഗോപൻ സ്വാമി മരിച്ചതോടെ മകനും പൂജാരിയും ചേർന്ന് മണ്ഡപം കെട്ടി അടക്കുകയായിരുന്നു.

സമാധിയായെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന പരാതി വന്നതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനാണ് പൊലീസ് നീക്കം. കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ആചാര്യഗുരു എന്നറിയപ്പെടുന്ന ഗോപൻ സ്വാമിയെയാണ് സമാധിയിരുത്തിയത്. ഇന്നലെ മരിച്ചതിന് പിന്നാലെ മണ്ഡപം ഉണ്ടാക്കി അതിനുള്ളിൽ മൃതദേഹം വെച്ച് സ്ലാബ് കൊണ്ട് മൂടി എന്നാണ് മകനും ക്ഷേത്രത്തിലെ പൂജാരിയും പോലീസിനോട് പറഞ്ഞത്.

സമാധിയായി എന്ന പോസ്റ്റർ കണ്ടപ്പോഴാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞത്. മരിച്ചത് അറിയിക്കാതെ മൃതദേഹം മറവ് ചെയ്തതിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചു. പരാതിക്ക് പിന്നാലെ നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ഡപം പൂട്ടിയ ശേഷം കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മകന്റെയും പൂജാരിയുടെയും മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. ആർഡിഒയുടെ നിർദേശത്തിന് ശേഷമാകും തുടർ നടപടികൾ. കേസിൽ ദുരൂഹത ആരോപിച്ചതിനാൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group