നെയ്യാറ്റിൻകരയിൽ ബേക്കറിയുടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം: കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റവും ചുമത്തി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്തതിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കാമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. ഇയാൾ ഒളിവിലാണ്. ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു.

ബുധനാഴ്ച പുലർച്ചെ വീട്ടിൽ തീ കൊളുത്തി മരിച്ച സ്ത്രീയുടെ ആത്മഹത്യാ കുറിപ്പിലെ ഗുരുതര പരാമർശങ്ങളിലാണ് നടപടി. കോൺഗ്രസ് കൗൺസിലറായ ജോസ് ഫ്രാങ്ക്ളിൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. നാല് മാസം മുമ്പ് നാട്ടിൽ തുടങ്ങിയ ബേക്കറിയ്ക്കായി വായ്പ തരപ്പെടുത്താമെന്ന പേരിൽ സമീപിച്ചായിരുന്നു ചൂഷണം.

ഫോൺ വിളികളിലൂടെയും അല്ലാതെയും നിരന്തരം ശല്യം ചെയ്തു. മക്കൾക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ വീട്ടമ്മ ഇക്കാര്യങ്ങളെല്ലാം പരാമർശിച്ചിരുന്നു. കടയിൽ ജോസിന്‍റെ സാന്നിധ്യം പോലും അമ്മയ്ക്ക് പ്രയാസമുണ്ടാക്കിയിരുന്നതായി കുടുംബവും ആരോപിച്ചു. ഫോൺ രേഖകൾ കൂടി പരിശോധിച്ചാണ് കോൺഗ്രസ് നേതാവിനെ നെയ്യാറ്റിൻകര പൊലീസ് പ്രതി ചേർത്തത്. പ്രേരണാക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും ചുമത്തി.

ജോസ് ഫ്രാങ്ക്ളിൻ ഒളിവിലാണ്. ഇയാളുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെയുണ്ടായില്ല. ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും കൗൺസിലർക്കെതിരെ ഉണ്ടെന്നാണ് വിവരം. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.