നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദ കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നതായി പൊലീസ് : ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്നും, ദുരൂഹതയില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

Spread the love

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നതായി പൊലീസ്.
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്നും, ദുരൂഹതയില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗോപൻ സ്വാമിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരുമാണ് രംഗത്തെത്തിയത്.

തുടർന്നാണ് ഇയാളുടെ സമാധി പൊളിച്ചത്. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പൊലീസിന്റെ അന്വേഷണത്തിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച്‌ കോടതിയെ അറിയിക്കാനാണ് പൊലീസിന്റെ നീക്കം.അതേസമയം, നെയ്യാറ്റിൻകര ഗോപന്റെ സമാധി സ്ഥലം തീർത്ഥാടന കേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

സമാധി സ്ഥലത്തിപ്പോള്‍ ഒരു ക്ഷേത്രം പണിതിട്ടുണ്ട്. നിത്യപൂജയും നടക്കുന്നുണ്ട്. ഭാവിയില്‍ വലിയ ക്ഷേത്രം നിർമിക്കാനും കുടുംബം ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ജനുവരി ഒൻപതിനാണ് ഗോപൻ മരിച്ചത്. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം നിര്‍മിച്ച്‌ പൂജാകര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു ഗോപന്‍ സ്വാമി. നാട്ടില്‍ ഗോപന്‍ സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്ബറോടും ‘ഞാന്‍ മരിച്ചതിനുശേഷം എന്നെ സമാധി ആക്കണം’ എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു

സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.
‘ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ’ എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാര്‍ഡ് മെമ്ബറെയും പോലും അറിയിക്കാതെ ‘സമാധി’ ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് ഗോപന്‍ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

എന്നാല്‍ ഗോപൻ സ്വാമിയുടെ മരണത്തില്‍ സംശയമുന്നയിച്ച്‌ നാട്ടുകാർ പരാതി നല്‍കി. തുടർന്ന് ഹൈക്കോടതിയടക്കം സംഭവത്തില്‍ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം ചെയ്തു. ഇതിനുശേഷം വീണ്ടും സംസ്‌കരിച്ചു. ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു.

കൂടാതെ വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ളോക്കുണ്ടായിരുന്നതായി ഗോപന്റെ പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു. പ്രമേഹം ബാധിച്ച്‌ കാലുകളില്‍ മുറിവുമുണ്ടായിരുന്നു. രാസപരിശോധനാഫലം വന്നാല്‍ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നാണ് അന്ന് പൊലീസ് പറഞ്ഞത്.