
ഇൻഡോർ: ന്യൂസീലൻഡിനെതിരെ 6 വിക്കറ്റ് വിജയത്തോടെ വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 69 റൺസിൽ ഓൾഔട്ടായി നാണംകെട്ട ബാറ്റിങ് നിര ഇന്നലെ ഉജ്വല ഫോമിലേക്ക് തിരിച്ചെത്തിയതാണ് വിജയത്തിൽ നിർണായകമായത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം 55 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.
സെഞ്ചറി നേടിയ തസ്മിൻ ബ്രിറ്റ്സിന്റെയും (101) അർധ സെഞ്ചറി നേടിയ സാൻ ല്യൂസിന്റെയും (83 നോട്ടൗട്ട്) ഇന്നിങ്സുകൾ ദക്ഷിണാഫ്രിക്കയുടെ ചേസിങ് അനായാസമാക്കി. സ്കോർ: ന്യൂസീലൻഡ്– 47.5 ഓവറിൽ 231 ഓൾഔട്ട്. ദക്ഷിണാഫ്രിക്ക– 40.5 ഓവറിൽ 4ന് 234. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് ക്യാപ്റ്റൻ സോഫി ഡിവൈനിന്റെ (85) അർധ സെഞ്ചറിയിലൂടെ നല്ല തുടക്കം ലഭിച്ചിരുന്നു.
3 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത ന്യൂസീലൻഡ് മികച്ച സ്കോറിലേക്ക് കുതിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ കളിയിൽ പിടിമുറുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
44 റൺസിനിടെ 7 വിക്കറ്റുകൾ നഷ്ടമായ ന്യൂസീലൻഡ് 231ന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ലോറ വോൾവർട്ടിനെ (14) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 159 റൺസിന്റെ കൂട്ടുകെട്ടുമായി തസ്മിനും ല്യൂസും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് അടുപ്പിച്ചു.