play-sharp-fill
പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി

പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി

സ്വന്തംലേഖകൻ

കോട്ടയം : ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു കത്തയക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്നും, പങ്കെടുപ്പിക്കുന്ന പക്ഷം ഇന്ത്യ ലോക കപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ബി.സി.സി.ഐ തലവന്‍ രാഹുല്‍ ജോരിയാണ് കത്ത് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബി .സി. സി .ഐ കത്ത് തയ്യാറാക്കിയതെന്നാണ് വിവരം. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപെടുത്തുന്നതിന്റെ ഭാഗമായാണ് ബി .സി. സി .ഐ യുടെ നീക്കം.ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇതിനുള്ള നടപടികള്‍ ബി.സി.സി.ഐ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ മത്സരം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ബി.സി.സി. ഐ യും നേരത്തെ വ്യക്തമാക്കിയിരുന്നു.ജൂണ്‍ 16ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം നടക്കേണ്ടത്. ബി സി സി ഐ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായിരിക്കെ ഫെബ്രുവരി 27നു കൂടുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്യാനിടയുണ്ട്. മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യ പാക്ക് മത്സരത്തിന്റെ പോയിന്റ് ഇന്ത്യക്ക് നഷ്ടമാകും.
അതേ സമയം വിഷയത്തില്‍ വിശദീകരണവുമായി ഐസിസി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിക്കറ്റ് മത്സരത്തെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും നിലവിലെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നുമാണ് ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവില്‍ മത്സരക്രമങ്ങളില്‍ മാറ്റം വരുത്താനാകാന്‍ സാധിക്കില്ലെന്നും ഐ.സി.സി. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിച്ചാര്‍ഡ്സണ്‍ വ്യക്തമാക്കി.