
സ്വന്തം ലേഖകൻ
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടു നോമ്പ് പെരുന്നാള്‍ സമാപിച്ചു. വര്‍ഷത്തിലൊരിക്കല്‍ മാത്രം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനു വിശ്വാസികള്‍ കത്തീഡ്രലിലേക്ക് ഒഴുകുകയാണ്. രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജനപ്രവാഹമാണ്.
ഇന്നലെ രാവിലെ പ്രധാന പള്ളിയില്‍ നടന്ന പ്രഭാത പ്രാര്‍ഥനയ്ക്കും മൂന്നിന്മേല്‍ കുര്‍ബാനയ്ക്കും മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മാര്‍ ഒസ്താത്തിയോസ് പ്രധാനകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണവും തുടര്‍ന്ന് ആശീര്‍വാദവും നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. മാത്യു എം. ബാബു വടക്കേപ്പറമ്ബില്‍, ഫാ. ലിറ്റു ജേക്കബ് തണ്ടാശേരില്‍ എന്നിവര്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്കി. വൈകുന്നേരം മൂന്നിന് നേര്‍ച്ചവിളമ്ബും നടന്നു. രാത്രി നടന്ന റാസയ്ക്ക് ശേഷം ആകാശ വിസ്മയവും മാര്‍ഗംകളിയും അരങ്ങേറി. 1,101 പറ അരിയുടെ പാച്ചോര്‍ നേര്‍ച്ചയാണ് തീര്‍ഥാടകര്‍ക്കായി ക്രമീകരിച്ചത്.
ഇന്ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബാന അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ അന്തീമോസ് പ്രധാനകാര്‍മികത്വം വഹിക്കും. നാളെ രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് തുമ്ബമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസും 11ന് രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ യൂലിയോസും 12ന് രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ഈവാനിയോസും 13ന് രാവിലെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഹോണോവര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മാര്‍ അന്തോണിയോസും പ്രധാന കാര്‍മികത്വം വഹിക്കും.
സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് രാവിലെ 7.30ന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവേദോസ്യോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്‌ക്കാരത്തിനും തുടര്‍ന്നുള്ള നടയടയ്ക്കല്‍ ശുശ്രൂഷയ്ക്കും കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാനകാര്‍മികത്വം വഹിക്കും.



