കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; നാട്ടകം സിമന്റ് കവലയിൽ 24 ന്യൂസ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ; ജിതിന്‍ സ്വന്തം വീട് അടിച്ചു തകര്‍ത്ത കേസിലും പ്രതി

കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; നാട്ടകം സിമന്റ് കവലയിൽ 24 ന്യൂസ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ; ജിതിന്‍ സ്വന്തം വീട് അടിച്ചു തകര്‍ത്ത കേസിലും പ്രതി

സ്വന്തം ലേഖിക

കോട്ടയം: നാട്ടകം സിമന്റ് കവലയിൽ കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ 24 ന്യൂസ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയിൽ.

ചെട്ടിക്കുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31), കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. എംസി റോഡില്‍ നാട്ടകം സിമന്റ് കവലയിലാണ് 24ന്യൂസ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘം ഭീഷണിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടകം സിമന്റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന് മുന്‍വശത്തായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന 24ന്യൂസ് ചാനല്‍ സംഘത്തിന്‍റെ കാറിന് നേരെ ഇടറോഡില്‍ നിന്ന് എം.സി റോഡിലേക്ക് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്റെ കാര്‍ എത്തുകയായിരുന്നു. ഈ സമയം ചാനല്‍ സംഘം തങ്ങളുടെ കാര്‍ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച്‌ ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന ഒരാള്‍ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത സംഭവത്തില്‍ ഭയന്ന ചാനല്‍ സംഘംപെട്ടെന്ന് തന്നെ വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

തുടര്‍ന്ന് ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ ജിജുവിനെ ചാനല്‍ സംഘം വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്ത് വച്ച്‌ തങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടിയവരുടെ കാര്‍ ചാനല്‍ ജീവനക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീട്ടിനുള്ളില്‍ കയറി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ തലയിണക്കടിയില്‍ നിന്നും തോക്കും പൊലീസ് സംഘം കണ്ടെത്തി.

സിഗരറ്റിനും ഗ്യാസടുപ്പിലുമൊക്കെ തീ പകരാന്‍ ഉപയോഗിക്കുന്ന പിസ്റ്റല്‍ മാതൃകയിലുളള ലൈറ്റര്‍ ഉപയോഗിച്ചായിരുന്നു ഇവരുടെ അക്രമമെന്ന് ചിങ്ങവനം എസ്‌എച്ച്‌ഒ ടി.ആര്‍ ജിജു പറഞ്ഞു. ഓണ്‍ലൈന്‍ വിപണിയില്‍ 250 രൂപ മുതല്‍ 1500 രൂപ വരെയുള്ള റേഞ്ചില്‍ വാങ്ങാന്‍ കിട്ടുന്ന ഐറ്റം വച്ചായിരുന്നു മദ്യലഹരിയിലുള്ള യുവാക്കളുടെ തോക്കുചൂണ്ടല്‍ ഭീഷണി.

ഭീഷണിപ്പെടുത്തല്‍, പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹളമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതി ജിതിന്‍ സ്വന്തം വീട് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയാണ്.