കർണാടകയിൽ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് യുവതി ഇടനാഴിയിൽ പ്രസവിച്ചു; തറയിൽ തലയിടിച്ച് നവജാത ശിശു മരിച്ചു

Spread the love

ബെംഗളൂരു: കർണാടകയിൽ ഹാവേരി ജില്ലാ ആശുപത്രിയിലെ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

video
play-sharp-fill

റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷി(30)ന്റെ പെൺകുഞ്ഞാണു മരിച്ചത്. പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തു പ്രവേശിപ്പിച്ചില്ല. കടുത്ത പ്രസവവേദനയിൽ എത്തിയ രൂപയ്ക്കു ബെഡ് നൽകിയില്ലെന്നു മാത്രമല്ല, നിലത്ത് ഇരിക്കാൻ നിർബന്ധിച്ചെന്നും കുടുംബം ആരോപിച്ചു. ജീവനക്കാരിൽനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു. കുടുംബം പരാതി നൽകിയിട്ടുണ്ട്.

ശുചിമുറിയിലേക്കു പോകാൻ ഇടനാഴിയിലൂടെ നടക്കുമ്പോഴായിരുന്നു പ്രസവം. കുട്ടിയുടെ തല തറയിലിടിച്ചതാണു മരണകാരണം. ആശുപത്രി സൂപ്രണ്ടിനോട് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപയ്ക്ക് വളരെയധികം വേദനയുണ്ടായിരുന്നു. ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു അവർ. എന്നാൽ ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും അവളെ നോക്കിയില്ല. ഞങ്ങൾ അവരോട് യാചിച്ചുപറഞ്ഞതാണ്. പക്ഷേ, മൊബൈലിൽ നോക്കിയിരുന്നതല്ലാതെ അവർ യാതൊന്നും ചെയ്തില്ല’’ – കുടുംബാഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, അവഗണനയുണ്ടായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ ആശുപത്രി സർജൻ ഡോ. പി.ആർ. ഹവാനുർ പറഞ്ഞു. ‘‘രാവിലെ 10.27നാണ് യുവതിയെത്തിയത്. അപ്പോൾ മൂന്നു യുവതികൾ ലേബർ വാർഡിൽ ഉണ്ടായിരുന്നു. കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേദനകൂടി അവർ ശുചിമുറിയിലേക്കു പോയി. അവരുടെ ബിപി 160/100 എന്ന നിലയിൽ ആയിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന അവരെ 10.36ന് വാർഡിലേക്കു കയറ്റി. തിങ്കളാഴ്ച മുതൽ കുഞ്ഞിന് അനക്കമില്ലെന്നായിരുന്നു അവരുടെ പരാതി. പ്രസവത്തിനുമുൻപുതന്നെ കുട്ടി മരിച്ചിരുന്നോയെന്നു സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 11.07നാണ് യുവതി വാർഡിനു പുറത്തേക്കു വരുന്നത്’’ – അദ്ദേഹം പറഞ്ഞു.