
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാക്കിയുടെ ബലത്തില്‍ ജനത്തെ തല്ലിച്ചതച്ചും അസഭ്യം വിളിച്ചും പൊലീസിലെ കളങ്കിതരായവര്‍ക്ക് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നല്‍കില്ല.പത്ത് വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ട് ശിക്ഷിക്കപ്പെട്ടവരും ഇനി മെഡലിന് അയോഗ്യരായിരിക്കും.
വിജിലന്‍സ്, വകുപ്പുതല അന്വേഷണങ്ങള്‍ നേരിടുന്നവര്‍ക്കും ക്രിമിനല്‍, വിജിലന്‍സ് കേസുകളിലെ പ്രതികള്‍ക്കും മെഡല്‍ ലഭിക്കില്ല. മെഡലിനായി ശുപാര്‍ശ ചെയ്ത ശേഷം അച്ചടക്ക നടപടി നേരിട്ടവര്‍ക്കും അയോഗ്യതയുണ്ടാവും. പൊലീസിലെ സല്‍സ്വഭാവികള്‍ക്ക് മാത്രമായിരിക്കും ഇനി മെഡല്‍.
ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള നടപടിയാണിത്. മെഡലിന് അപേക്ഷിക്കുന്നവരുടെ ആകെയുള്ള സേവനം മെച്ചപ്പെട്ടതായിരിക്കണമെന്നും പത്തു വര്‍ഷത്തെ സേവനത്തില്‍ ഏഴു വര്‍ഷമെങ്കിലും ഔട്ട്‌സ്റ്റാന്‍ഡിംഗ്, വെരിഗുഡ്, ഗുഡ് ഗ്രേഡുകള്‍ നേടിയിരിക്കണമെന്നും ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗസ്ഥരുടെ സേവനകാലം പൂര്‍ണമായി സൂക്ഷ്മ പരിശോധന നടത്തിയായിരിക്കും മെഡല്‍ അനുവദിക്കുക. മികച്ച ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പൊലീസ് മെഡല്‍ പ്രതിവര്‍ഷം 285ല്‍ നിന്ന് 300ആക്കി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
ഏഴു വര്‍ഷം സര്‍വീസുള്ള വനിതകള്‍ക്കും ഇനി മെഡല്‍ ലഭിക്കും. പൊലീസ് മേധാവിക്ക് മൂന്നു പേരെ മെഡലിന് ശുപാര്‍ശ ചെയ്യാം. ശിക്ഷണനടപടി നേരിടുന്ന പൊലീസുകാരുടെ സ്ഥാനക്കയറ്റം തടയുമെന്ന നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
ഏതു ഘട്ടത്തിലും മാന്യത കൈവിടരുതെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസിന് സര്‍ക്കാര്‍ നല്‍കുന്നത്.



