
കുറിച്ചി ഡിവിഷനിൽ 2.59 കോടി രൂപയുടെ പദ്ധതികൾ; ജില്ലാ പ്ളാനിങ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചതായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി.കെ; ലക്ഷ്യം നാടിൻ്റെ വികസനം
കോട്ടയം: വോട്ട് ചെയ്ത നാട്ടുകാരെ മറന്നിട്ടില്ല കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ വൈശാഖ് പി.കെ.
തൻ്റെ വാർഡായ കുറിച്ചി ഡിവിഷനിലെ ജനങ്ങൾക്കായി 2.59 കോടി രൂപയുടെ വിവിധ പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കാൻ പോകുന്നത്. പദ്ധതികൾക്ക് ജില്ലാ പ്ളാനിങ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.
കുടിവെള്ളം (39 ലക്ഷം), റോഡ് വികസനം (82.5 ലക്ഷം), പിന്നോക്ക വികസനം (44 ലക്ഷം), വിദ്യാഭ്യാസം (28 ലക്ഷം), കാർഷിക മേഖല (20 ലക്ഷം), ആരോഗ്യം (21 ലക്ഷം), വെളിച്ചം (25 ലക്ഷം) എന്നീ വിഭാഗങ്ങളിൽ ആയി 26 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി പഞ്ചായത്തിലെ എല്ലാ വാർഡുകളും, പുതുപള്ളി പഞ്ചായത്തിലെ വാർഡ് 16, പനച്ചിക്കാട് പഞ്ചായത്തിലെ 1 മുതൽ 7 വരെയും 12 മുതൽ 23 വാർഡ് വരെയും ഉൾപെടുന്ന കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ 40 വാർഡുകളിലും 5 വർഷം കൊണ്ട് ഒരു പദ്ധതി എങ്കിലും നടപ്പിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്.
കുടിവെള്ളം
39 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതിൽ കോളാകുളം മലവേടർ കോളനി 14 ലക്ഷം, കുന്നംമ്പളളി കുരുവിക്കാട് കുന്നുംപുറം 9 ലക്ഷം, ചേലാറ പതിമൂന്ന് കോളനി 8 ലക്ഷം, കീഴമ്പനാട്ട് കോയിപ്പുറം 5 ലക്ഷം, തുണ്ടിപറമ്പ് തകിടിയിൽപറമ്പ് 3 ലക്ഷം എന്നിവ ഉൾപ്പെടുന്നു.
പദ്ധതി തുക ഗ്രൗണ്ട് വാട്ടർ അതോറിറ്റിയിൽ അടച്ച സജിവോത്തമപുരം പുത്തൻകോളനി കുടിവെളള പദ്ധതി (10 ലക്ഷം), കുറിച്ചി ചെമ്പുചിറ ഭാസ്കരൻ കോളനി കുടിവെളള പദ്ധതി (5 ലക്ഷം), കുഴിമറ്റം ബഥനി പൊയ്കപറമ്പിൽ കുടിവെളള പദ്ധതി (5 ലക്ഷം) എന്നിവ ഉടൻ പൂർത്തീകരിക്കും.
റോഡ് വികസനം
റോഡ് നവീകരണത്തിന് 82.5 ലക്ഷം രൂപയ്ക്ക് അംഗീകാരം നേടിയിട്ടുണ്ട്. തുരുത്തിപള്ളി – രേവതിപടി റോഡിന് 18 ലക്ഷം, പൊൻപുഴ പൊക്കം – കളമ്പാട്ടുചിറ റോഡിന് 18 ലക്ഷം, ദിവാൻ കവല- കലായികവല റോഡിന് 15 ലക്ഷം, പള്ളത്ര കടവ് – മുറ്റത്ത് കടവ് – പനയപള്ളി റോഡ് 10.5 ലക്ഷം, സദനം സ്കൂൾ – നാട്ടുവാ കലുങ്ക് റോഡിന് 8 ലക്ഷം, പൂവൻതുരുത്ത് ഗവ. എൽ പി സ്കുൾ – ലക്ഷവീട് കടുവാകുളം റോഡിന് 8 ലക്ഷം, കുഴിമറ്റം പള്ളികടവ് – കാവനാടി റോഡിന് 5 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
ആരോഗ്യം
കുറിച്ചി, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകൾക്ക് രണ്ട് മിനി ആംബുലൻസ് വാങ്ങുന്നതിന് 21 ലക്ഷം രൂപ അനുവദിച്ചു. കുറിച്ചി ഗവ. ഹോമിയോ ആശുപത്രിയിൽ 13 ലക്ഷം രൂപ ഉപയോഗിച്ച് അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ ഉടൻ ലഭ്യമാക്കും.
വിദ്യാഭ്യാസം
കുറിച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 13.3 ലക്ഷം രൂപ മൈൻ്റൻസ് ഇനത്തിൽ ഉപയോഗിക്കും . കുറിച്ചി എ. വി. എച്ച്. എസ് സ്കുളിന് വാട്ടർ ടാങ്ക് നിർമാണത്തിനും കുടിവെളള പദ്ധതിയ്ക്കും 10 ലക്ഷം, ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ 7 ലക്ഷം രൂപ മുടക്കി ആരംഭിച്ച ഷീ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം പൂർത്തികരണത്തിന് 5 ലക്ഷം രൂപ കൂടി അനുവദിച്ചു. കുറിച്ചി ഡിവിഷൻ പരിധിയിൽ 5 സ്കൂളുകളിലെ മിടുക്കരായ 20 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ജൂണിൽ വിതരണം ചെയ്തിരുന്നു.
പിന്നോക്ക വികസനം
പിന്നോക്ക വികസന മേഖലയിൽ എട്ടുമുറി കോളനി വികസനത്തിന് 26.4 ലക്ഷം, കുഴിക്കാട്ട് കോളനി ഓട നിർമാണത്തിനും സംരക്ഷണ ഭിത്തി നിർമാണത്തിനും 10 ലക്ഷം രൂപ, പാറപ്പുറം കൂച്പറമ്പ് കൊട്ടപള്ളി കോളനി റോഡിന് 8 ലക്ഷം രൂപയും അനുവധിച്ചു.
കാർഷിക മേഖല
കാർഷിക മേഖലയിൽ കൊല്ലറ മണ്ണകര ഫാം റോഡിന് 10 ലക്ഷം, പുതുപ്പളളി കുഴിത്തടം പാടശേഖരം അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷവും അനുവധിച്ചു.
വെളിച്ചം
പുതുപള്ളി ഇരവിനല്ലൂർ, കുറിച്ചി കാലയിപടി, പന്നിമറ്റം, കൊല്ലാട് ബോട്ട് ജെട്ടി ജംഗ്ഷൻ, കളത്തിൽകടവ് ഷാപ്പ് പടി, നെല്ലിക്കൽ, കുറിച്ചി കല്ല് കടവ് എന്നിവടങ്ങളിൽ മിനി ഹൈ മാസ്റ്റ് ലൈറ്റ് കൂടാതെ വിവിധ സ്ഥലങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് ആയി 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചോഴിയക്കാട്, പൂവന്തുരുത്ത്, മലമേൽക്കാവ്, ആക്കളം എന്നിവടങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചു.
ജില്ലാ പ്ളാനിങ് കമ്മറ്റി അംഗീകരിച്ച എല്ലാ പദ്ധതികളും സമയ ബന്ധിതമായി പൂർത്തിക്കരിക്കും. മാലിന്യ നിർമാർജനം, യുവജന ക്ഷേമം തുടങ്ങിയ മേഖലളിലെല്ലാം ഇനിയും ഒരുപ്പാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.