
തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസിൽ (അഗ്നിരക്ഷാ സേന) വനിതാ സ്റ്റേഷൻ ഓഫീസർമാരായി 12 പുതിയ തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായി.
സംസ്ഥാനത്തെ യൂണിഫോം സർവീസുകളിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്ന സർക്കാരിൻ്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം.
ഫയർ വുമൺ, ഹോംഗാർഡ്സ്, ആപ് മിത്ര, സിവിൽ ഡിഫൻസ് സേനാംഗങ്ങളിലെ വനിതാ ജീവനക്കാരുടെ ശരിയായ മേൽനോട്ടത്തിനും രക്ഷാപ്രവർത്തനങ്ങളിലെ ഏകോപനത്തിനും പരാതി പരിഹാരത്തിനും സൂപ്പർവൈസറി തലത്തിൽ വനിതാ സ്റ്റേഷൻ ഓഫീസർമാരുടെ തസ്തിക അത്യാവശ്യമാണെന്ന് ഉത്തരവിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിനും ഫസ്റ്റ് എയ്ഡ് നൽകുന്നതിനും വനിതകളുടെ സേവനം ഫലപ്രദമാകുമെന്നതും തസ്തിക സൃഷ്ടിക്കുന്നതിനുള്ള കാരണമാണ്.
സൃഷ്ടിച്ച 12 തസ്തികകളിൽ 50% തസ്തികകളിലേക്ക് പിഎസ്സി വഴി നേരിട്ടും ശേഷിക്കുന്ന 50% തസ്തികകളിൽ നിലവിൽ സർവീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്ന് നിയമനം നടത്താനുമാണ് തീരുമാനം.
സർവീസിൽ നിന്നുള്ള നിയമന രീതിയും തസ്തികകളിലേക്കുള്ള യോഗ്യതകളും സംബന്ധിച്ച ഉത്തരവുകൾ പിന്നീട് പുറപ്പെടുവിക്കുന്നതാണ്. സർക്കാരിന്റെ നയത്തിന്റെ ഭാഗമായി ഫയർ & റെസ്ക്യൂ സർവ്വീസസിൽ 100 വനിതാ ഫയർ ഓഫീസർമാരെ നിയമിച്ചിരുന്നു. ഇതിന് സമാനമായി ഉയർന്ന തസ്തികകളിലും വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിച്ചിട്ടുള്ളത്.




