ജീത്തു ജോസഫിന്‍റെ വേറിട്ട സിനിമാനുഭവമായി ‘വലതുവശത്തെ കള്ളൻ’; ഉള്ളുലയ്ക്കുന്ന പ്രകടനവുമായി ജോജു; കരിയര്‍‍ ബെസ്റ്റ് പെര്‍‍ഫോമൻസുമായി ബിജു മേനോൻ!

Spread the love

ബിജു മേനോൻ-ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ‘വലതുവശത്തെ കള്ളൻ’ പതിവ് ക്രൈം ത്രില്ലർ- കുറ്റാന്വേഷണ സ്വഭാവത്തില്‍ തീർത്തൊരു സിനിമയല്ല. മറിച്ച്‌, അത് മനുഷ്യന്റെ സങ്കീർണ്ണമായ മനസ്സിനുള്ളിലേക്കും മനസാക്ഷിയുടെ നീതിപീഠത്തിലേക്കും നടത്തുന്ന ഒരു പര്യവേഷണമാണ്.

video
play-sharp-fill

നീതി ഉറപ്പാക്കാൻ ബാധ്യസ്ഥനെങ്കിലും, പലപ്പോഴും തന്റെ മുന്നിലെത്തുന്ന മനുഷ്യർക്ക് നീതി ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു പോവുന്ന ഒരു പൊലീസ് ഓഫീസറാണ് സർക്കിള്‍ ഇൻസ്പെക്ടറായ ആന്റണി സേവ്യർ. മനുഷ്യാവകാശ പ്രവർത്തകയായ ഐറിൻ എന്ന പെണ്‍കുട്ടിയുടെ തിരോധാനം അയാള്‍ക്ക് മുന്നിലെത്തുന്നു. വെറുമൊരു മിസ്സിംഗ് കേസ് എന്നതിലുപരി, ആ കേസിന്റെ നാള്‍വഴികള്‍ ആന്റണിയുടെ ജീവിതത്തെ സംഘർഷഭരിതമാക്കുകയാണ്.

സാമുവല്‍ ജോസഫ് എന്ന അച്ഛന്റെ പ്രതികാരം ആന്റണിയെ എത്തിക്കുന്നത് കരിയറിലെ ഏറ്റവും വലിയ മരണപ്പോരാട്ടത്തിലേക്കാണ്. കയ്യില്‍ സമയമില്ല. ഉത്തരം കണ്ടത്തേണ്ട, ചുരുളഴിക്കേണ്ട സത്യങ്ങള്‍. പൂരിപ്പിക്കേണ്ട പസില്‍. ആന്റണിയുടെ ആത്മസംഘർഷങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു മേനോന്റെ ആന്റണി സേവ്യറും ജോജു ജോർജിന്റെ അതിബുദ്ധിമാനായ സാമുവല്‍ ജോസഫും തമ്മിലുള്ള കൊമ്പുകോർക്കലാണ് ഈ ചിത്രത്തിന്റെ ജീവൻ. പതിഞ്ഞ താളത്തില്‍ തുടങ്ങി, ഇരുവരും നേർക്കുനേർ എത്തുന്നതോടെ സിനിമ ഒരു ഗ്രിപ്പിംഗ് ത്രില്ലറായി മാറുന്നു.

കേവലമൊരു ഇൻവെസ്റ്റിഗേഷൻ എന്നതിനപ്പുറം, വ്യവസ്ഥിതി പരാജയപ്പെടുമ്പോള്‍ വ്യക്തികളിലും സമൂഹത്തിലും അത് സൃഷ്ടിക്കുന്ന ആഘാതങ്ങളെയും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും ചിത്രം  അടയാളപ്പെടുത്തുന്നു. നീതി നടപ്പിലാക്കേണ്ട നിയമവ്യവസ്ഥ അതിന്റെ ഗുണഭോക്താക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിലേക്കും, ‘ടോക്സിക് പാരന്റിംഗ്’ വ്യക്തികളുടെ ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ഉണങ്ങാത്ത മുറിവുകളിലേക്കും ‘വലതുവശത്തെ കള്ളൻ’ വിരല്‍ചൂണ്ടുന്നു.

‘ബാഡ് കോപ്പ്’ ഇമേജുള്ള, ചെയ്ത കാര്യങ്ങളില്‍ തെല്ലും കുറ്റബോധമില്ലാത്ത ആന്റണിയായി ബിജു മേനോൻ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, ആഴത്തിലുള്ള വൈകാരിക നിമിഷങ്ങളെ ജോജു ജോർജ് തന്റെ തനത് ശൈലിയില്‍ മനോഹരമായി കൈകാര്യം ചെയ്തു. ലെന, ഇർഷാദ് അലി, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ് എന്നിവരടങ്ങുന്ന വലിയ താരനിരയും തങ്ങളുടെ പ്രകടനം കൊണ്ട് ചിത്രത്തിന് കരുത്തേകി. കെ.ആർ. ഗോകുല്‍, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, മനോജ് കെ.യു തുടങ്ങിയവരും സ്വന്തം വേഷങ്ങള്‍ മികവുറ്റതാക്കി.

സതീഷ് കുറുപ്പിന്റെ ദൃശ്യഭാഷയും വിനായകിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് പൂർണ്ണമായും നീതിപുലർത്തുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയ്ക്ക് ആവശ്യമായ ഉദ്വേഗം നിലനിർത്തുന്നതില്‍ ഈ സാങ്കേതിക മികവ് വലിയ പങ്കുവഹിച്ചു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളില്‍ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിനു തോമസ് ഈലൻ ഒരുക്കിയ തിരക്കഥയില്‍ ഉദ്വേഗജനകമായ ചില മുഹൂർത്തങ്ങള്‍ ഉണ്ടെങ്കിലും, ഒരു കംപ്ലീറ്റ് പാക്കേജ് എന്ന നിലയില്‍ തിരക്കഥ വേണ്ടത്ര കരുത്ത് പുലർത്തുന്നില്ല. കഥയുടെ പലയിടങ്ങളിലുമുള്ള ലൂസ് എൻഡുകളും, ആഴമില്ലാത്ത വൈകാരിക തലങ്ങളും ആസ്വാദനത്തിന് നേരിയ തടസ്സമാകുന്നുണ്ട്. ഒരു ജീത്തു ജോസഫ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന ‘ത്രില്ലിംഗ് ഫാക്ടർ’ ഇവിടെ മിസ്സിംഗ് ആണ്. എങ്കിലും, സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് നീതി പുലർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ചില പരിമിതികള്‍ക്കിടയിലും കാണേണ്ട വിഷയങ്ങള്‍ സംസാരിക്കുന്ന ഒരു ‘ഡീസന്റ് വാച്ച്‌’ ആണ് ‘വലതുവശത്തെ കള്ളൻ’.